Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഒരുങ്ങി; സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ വെള്ളിയാഴ്ച പതാക ഉയരും

05 Nov 2026 21:59 IST

CN Remya

Share News :

കോട്ടയം: സിഐടിയു 16 –ാം സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയം ഒരുങ്ങി. സമ്മേളനത്തിന് നവംബർ ആറിന് പതാക ഉയരും. 47 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് കോട്ടയം ഒരുങ്ങുന്നത്. 1979ൽ രണ്ടാം സമ്മേളനം നടന്നത് കോട്ടയത്ത് ആയിരുന്നു. 

വിവിധ സ്‌മൃതി മണ്ഡപങ്ങളിൽനിന്നെത്തുന്ന പതാക– കൊടിമര– കപ്പി– കയർ ജാഥകൾ കലക്ടറേറ്റ്‌ പരിസരത്ത്‌ സംഗമിച്ച്‌ വൈകിട്ട്‌ അഞ്ചിന്‌ കോട്ടയം തിരുനക്കര മൈതാനത്ത്‌ എത്തും. സംഘാടക സമിതി ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തും. ശനിയാഴ്‌ച രാവിലെ 10ന്‌ ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തും. ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ (എഐടിയുസി) എന്നിവർ സംസാരിക്കും. അഖിലേന്ത്യാ പ്രസിഡന്റ്‌ സുദീപ്‌ ദത്ത, ദേശീയ സെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

എട്ടിനും ഒമ്പതിനും പ്രതിനിധി സമ്മേളനം തുടരും. ഒമ്പതിന് വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നാഗമ്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ ശനിയാഴ്ച രാവിലെ 7.30ന്‌ നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.

എം എൻ ലോറൻസ്‌ നഗറിൽ (തിരുനക്കര മൈതാനം) ചിത്ര– ചരിത്ര പ്രദർശനം, കെ എം സുധാകരൻ നഗറിൽ പുസ്‌തകോത്സവം, ചാർളി ചാപ്ലിൻ നഗറിൽ ചലച്ചിത്ര മേള എന്നിവ വ്യാഴാഴ്‌ച തുടങ്ങി. വെള്ളി വൈകിട്ട്‌ 5.30ന്‌ തിരുനക്കര മൈതാനത്ത്‌ ആദ്യകാല നേതാക്കളെ ആദരിക്കും. തിരുനക്കര മൈതാനത്ത്‌ എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകും.

1149 യൂണിയനുകളെ പ്രതിനിധീകരിച്ച്‌ 625 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇവരിൽ 70 ശതമാനവും തൊഴിലാളികളായിരിക്കും. 30 ശതമാനം സ്‌ത്രീകളും 20 ശതമാനം യുവതൊഴിലാളികളുമുണ്ടാകും. ഇ‍ൗ മാനദണ്ഡം കർശനമായി നടപ്പാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Follow us on :

More in Related News