Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 06:42 IST
Share News :
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ നടപടികളിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.എച്ച്.ഒ, എസ്.ഐ, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ ഇക്കാര്യം അറിയിച്ചു.
അപകടത്തിനിടയാക്കിയ കാർ ഓടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജഡ്ജിക്കെതിരെ നിയമപരമായി സ്വീകരിക്കാവുന്ന നടപടികളുടെ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ സംസാരിക്കവെ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. തുടർന്ന് വൈകിട്ട് 4.12-ന് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി സഭയെ അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണവും ഉയർന്നു. അപകടത്തിൽ കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച സാഹചര്യവും ഉണ്ടായി.
ഇതിനിടെ, എ.ഡി.ജി.പി പി. വിജയൻ രാവിലെ ചേരാനല്ലൂരിലെത്തി പൊലീസ് സ്റ്റേഷനും മരിച്ച ജയപാലകൃഷ്ണന്റെ കുടുംബത്തെയും സന്ദർശിച്ചു. നീതിപൂർവമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ കൈയടിയോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.