Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രചോദനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വര്‍ധിക്കുന്നു: ഡോ. ഇശ ഫര്‍ഹ ഖുറൈശി.

06 Nov 2026 03:36 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ഷാര്‍ജ: ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വമായ വളര്‍ച്ച ജീവിതത്തിന് വേഗത കൂട്ടുകയും വിവിധ മേഖലകളില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കുകയും ചെയ്ത സമകാലിക സാഹചര്യത്തില്‍ പ്രചോദനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വര്‍ധിച്ചുവരികയാണെന്ന് പ്രമുഖ എ ഐ സ്ട്രാറ്റജിസ്റ്റും ഗ്രന്ഥകാരിയും 2019-ലെ മിസിസ് യൂണിവേഴ്‌സ് ജേതാവുമായ ഡോ. ഇശ ഫര്‍ഹ ഖുറൈശി അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഏതു തലങ്ങളിലുള്ളവര്‍ക്കും ശരിയായ പ്രചോദനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും വ്യക്തിത്വ വികസനത്തിനും ലക്ഷ്യപ്രാപ്തിക്കും പ്രചോദനാത്മക സന്ദേശങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.


നാല്‍പ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക ഗ്രന്ഥപരമ്പരയായ വിജയമന്ത്രങ്ങള്‍ പതിമൂന്നാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ 105-ാമത് പുസ്തകമാണിത്.


ഏതു മേഖലയിലും വിജയം കൈവരിക്കണമെങ്കില്‍ കൃത്യമായ ലക്ഷ്യബോധവും ആസൂത്രിതമായ തയ്യാറെടുപ്പുകളും നിരന്തരമായ പരിശ്രമവും ആവശ്യമാണെന്ന് ഡോ. ഇശ ഫര്‍ഹ ഖുറൈശി ചൂണ്ടിക്കാട്ടി. ഈ യാത്രയില്‍ ലഭിക്കുന്ന പ്രചോദനവും പിന്തുണയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വെല്ലുവിളികളെ അതിജീവിക്കാന്‍ കരുത്തേകുകയും ചെയ്യും. വ്യക്തികളെ അവരുടെ കഴിവുകള്‍ തിരിച്ചറിയാനും പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കുന്ന മികച്ച സംരംഭമാണ് വിജയമന്ത്രങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


സംരംഭകനും ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ സി.ഇ.ഒയുമായ ഡോ. ടിനു തമ്പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വിജയമന്ത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നത് തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിന്തകളെയും കാഴ്ചപ്പാടുകളെയും ക്രിയാത്മകമായി സ്വാധീനിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തും മുന്നേറാന്‍ സഹായിക്കുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ചിന്തയും പ്രവൃത്തിയും പുരോഗമനപരമായി വളരുമ്പോഴാണ് യഥാര്‍ഥ പുരോഗതി സാധ്യമാകുന്നതെന്ന് മൈന്‍ഡ് ട്യൂണര്‍ സി.എ. റസാഖ് പറഞ്ഞു. വ്യക്തിയുടെ ചിന്താരീതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന വിജയമന്ത്രങ്ങളുടെ പങ്ക് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജീവിതവിജയത്തിന്റെ വഴികാട്ടിയായി മാറുന്ന വിജയമന്ത്രങ്ങള്‍ പുതുതലമുറയുള്‍പ്പെടെ വിവിധ തലമുറകളെ പ്രചോദിപ്പിക്കാന്‍ കരുത്തുള്ള സന്ദേശങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് അല്‍ തവാസുല്‍ അല്‍ മുമയ്യസ് ബിസിനസ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസിലെ അഡ്വ. ഹിബ ഖാലിദ് അഭിപ്രായപ്പെട്ടു.


നിരന്തരമായ പരിശ്രമങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് വിജയമന്ത്രങ്ങള്‍ പരമ്പര മുന്നോട്ടുവെക്കുന്നതെന്ന് മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ. നാസര്‍ പറഞ്ഞു. ലക്ഷ്യബോധത്തോടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ജീവിതവീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുകയും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്ന ശ്രദ്ധേയമായ പരമ്പരയാണ് വിജയമന്ത്രങ്ങളെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ച അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീര്‍, കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സുചിത്ര സിമന്‍സ്, സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. നജ്മുദ്ദീന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.


പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ അരീക്കോട് സ്വാഗതവും ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

Follow us on :

More in Related News