Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 06:10 IST
Share News :
തേനി: തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ തിരച്ചിൽ തുടരുന്നു. ജയിൽ ചാടിയ 17 തടവുകാരിൽ 13 പേരെ പൊലീസ് പിടികൂടി. ഒളിവിൽ കഴിയുന്ന നാലുപേർക്കായി പ്രത്യേക പൊലീസ് സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.
മൂന്നാം ബ്ലോക്കിലെ ഒരു തടവുകാരന് അപസ്മാരം ബാധിച്ച് ആരോഗ്യനില വഷളായെന്ന് വ്യാജമായി ബഹളം വച്ചാണ് തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ ആക്രമിച്ച് കീഴടക്കിയശേഷം പുറത്തുകടക്കുകയായിരുന്നു.
തുടർന്ന് ജയിൽ വളപ്പിലെ മതിൽ ചാടിക്കടന്നാണ് ഇവർ രക്ഷപ്പെട്ടത്. ജയിലിന് പിന്നിലെ കാട്ടിൽ ഒളിച്ചിരുന്ന ചില പ്രതികളെ ഡ്രോൺ ഉപയോഗിച്ച് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ യാത്രാമധ്യേ തടഞ്ഞുനിർത്തി പിടികൂടിയതായും റിപ്പോർട്ടുണ്ട്.
തേനി തെക്കൻപട്ടിയിലെ സബ് ജയിലിൽ 200 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ, സംഭവസമയത്ത് ജയിലിൽ 334 തടവുകാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തടവുകാരുടെ എണ്ണം ശേഷിയേക്കാൾ കൂടുതലായിരുന്നത് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തെയും വിമർശിച്ച പ്രതിപക്ഷം സംഭവത്തിൽ സർക്കാരിനെതിരെ രംഗത്തെത്തി.
സംഭവത്തിൽ കുറ്റക്കാരായ ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 2019 ജനുവരിയിലാണ് തേനി സബ് ജയിൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു തടവുകാരുടെ ജയിൽച്ചാട്ടം.
Follow us on :
More in Related News
Please select your location.