Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 16:40 IST
Share News :
വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി നിയമന വിവാദം: യു.ഡി.എഫ് കൗൺസിലർമാർ രാജിക്കത്ത് കൈമാറും; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം
വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായി കെ.കെ. മനോജിനെ വീണ്ടും നിയമിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും യു.ഡി.എഫും സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പാർലമെന്ററി പാർട്ടി ലീഡർ എസ്.എ.എ. ആസാദ് ഉൾപ്പെടെയുള്ള യു.ഡി.എഫ് കൗൺസിലർമാർ തങ്ങളുടെ രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറാനും തിങ്കളാഴ്ച മുതൽ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനും തീരുമാനിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
മുൻ ഭരണസമിതിയുടെ കാലത്ത് കോവിഡ് മറവിലും മറ്റുമായി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കെ.കെ. മനോജ് നടത്തിയതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ കെ. അജിത് കുമാർ ആരോപിച്ചു. സ്പെഷ്യൽ ഓഡിറ്റിലും വിജിലൻസ് അന്വേഷണത്തിലും കുടുങ്ങുമെന്ന് ഉറപ്പായതോടെ, നഗരസഭയിലെ രേഖകൾ തിരുത്തി അഴിമതികൾ മൂടിവെക്കാനാണ് വലിയ സാമ്പത്തിക ഇടപാടുകളിലൂടെ ഇയാൾ വീണ്ടും ചുമതലയേറ്റിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് ജയിലിലായിരുന്ന കൗൺസിലർ അരവിന്ദാക്ഷന് വേണ്ടി കള്ളൊപ്പിട്ട രാജിക്കത്ത് ഹാജരാക്കി ലീവ് നീട്ടി നൽകിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് മനോജിനെ നേരത്തെ സ്ഥലംമാറ്റിയത്. ഇയാളെ വടക്കാഞ്ചേരിയിൽ നിയമിക്കരുതെന്ന് മന്ത്രിമാർ ഉൾപ്പെടെ നിർദ്ദേശിച്ചിരുന്നെങ്കിലും, ഉദ്യോഗസ്ഥ തലത്തിലുള്ള ഇടതുപക്ഷ മേധാവിത്വം ഉപയോഗിച്ച് ഒരു അണ്ടർ സെക്രട്ടറി വഴിയാണ് ഉത്തരവിറക്കിയത്. . സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കൗൺസിലർ സ്ഥാനം ഔദ്യോഗികമായി രാജിവെക്കാൻ എല്ലാ യു.ഡി.എഫ് കൗൺസിലർമാരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കെ. അജിത് കുമാർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് എസ്.എ.എ. ആസാദ്, വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. ജയദീപ് എന്നിവരും പങ്കെടുത്തു. കൗൺസിലർമാരുടെ സമരത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൂർണ്ണ പിന്തുണ നൽകുമെന്ന് പി.ജി. ജയദീപും, ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ കെ.കെ. മനോജിനെതിരെ കർശന നടപടി വേണമെന്ന് എസ്.എ.എ. ആസാദും ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് രംഗത്തെത്തി. യു.ഡി.എഫ് സർക്കാരിന്റെ ഒരു ഉത്തരവിനെതിരായി സമരം ചെയ്യാനോ പരാതി നൽകാനോ തയ്യാറല്ലെന്നും, സർക്കാർ ഉത്തരവ് പ്രകാരം ആര് സെക്രട്ടറിയായി വന്നാലും തനിക്ക് വിരോധമില്ലെന്നും അവർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.