Tue Dec 12, 2023 10:56 PM 1ST

Location  

Sign In

_കെഎസ്ഇബി കൃത്രിമ പ്രതിസന്ധി_ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കം; വഴങ്ങാതെ മുഖ്യമന്ത്രി

17 Nov 2026 00:33 IST

np shakeer

Share News :

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ മറവില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കെഎസ്ഇബിയിലൂടെ ശ്രമം. വൈദ്യുതി കരാറുകളുടെ ന്യൂനതകള്‍ എന്ന വ്യാജേന നിരന്തരം മാധ്യമങ്ങള്‍ക്കു വാര്‍ത്തകള്‍ നല്‍കി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഒരുകൂട്ടം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ ശ്രമം. കൂടിയ വിലയില്‍ വൈദ്യുതി വാങ്ങി പിന്‍വാതിലിലൂടെ കമ്മിഷന്‍ വാങ്ങാമെന്ന മോഹം പൊലിഞ്ഞുപോയതിലെ ചില ഉദ്യോഗസ്ഥരുടെ ഇഛാഭംഗവും ഈ വാര്‍ത്തകള്‍ക്കു പിന്നിലുണ്ട്. ഭരണപക്ഷത്ത് ഇരുന്ന് സ്ഥിരമായി കമ്മിഷന്‍ അടിച്ച അവര്‍ ഇപ്പോഴും പ്രതിപക്ഷ നേതാവിനെ തെറ്റിദ്ധരിപ്പിച്ച് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും സര്‍ക്കാര്‍ വൃത്തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.


14 രൂപയ്ക്ക് ഹിമാചലില്‍നിന്ന് വൈദ്യുതി വാങ്ങി കമ്മിഷന്‍ അടിക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് ഉദ്യോഗസ്ഥരെ ഏറെ ചൊടിപ്പിച്ചത്. ഇത് കൈയോടെ പിടികൂടിയ മുഖ്യമന്ത്രി ചിലരുടെ മനക്കോട്ടകള്‍ തകര്‍ക്കുകയായിരുന്നു. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു, മുഖ്യമന്ത്രിയാണ് കാരണം എന്ന നിലയില്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയായിരുന്നു ഇടതുലോബി. മുഖ്യമന്ത്രി ഫയലിനുമേല്‍ അടയിരിക്കുകയാണ് എന്നുവരെ അവര്‍ വാര്‍ത്തകള്‍ വരുത്തി. മുഖ്യമന്ത്രിയെക്കൊണ്ട് കരാര്‍ ഒപ്പിടുവിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഇക്കാര്യങ്ങള്‍ നേരത്തെ മനസിലാക്കിയ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടതു യൂണിയനുകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ല എന്ന നിലപാടില്‍തന്നെ ഉറച്ചുനിന്നു. ഇതോടെ പലര്‍ക്കും പത്തിമടക്കേണ്ടി വന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പക തീര്‍ന്നിട്ടില്ല എന്നതാണ് തുടരെത്തുടരെയുള്ള സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകളില്‍നിന്ന് മനസിലാവുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ജിഎന്‍എയില്‍നിന്ന് ഇടതുസര്‍ക്കാരും വൈദ്യുതി വാങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഒരു പ്രശ്‌നമേയല്ല, ഇപ്പോഴത്തെ സര്‍ക്കാര്‍ വാങ്ങാന്‍ നോക്കിയത് വന്‍ വിഷയം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റുകളും ചില മാധ്യമങ്ങളുടെ വാര്‍ത്തകളും. ഇത് ഒരേ ലക്ഷ്യത്തിനുവേണ്ടിയുള്ള വിവിധ ഇടപെടലുകളായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സംശയിക്കുന്നു.


വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാജമാണിക്യം പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ സര്‍ക്കാരിനുമേല്‍ അമിതസസമ്മര്‍ദം ചെലുത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ മാറ്റി എന്‍. പ്രശാന്തിനെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പരിശോധനയില്‍ നവംബര്‍, ഡിസംബര്‍ മാസത്തില്‍ ആവശ്യത്തിനു വൈദ്യുതി ലഭ്യമാണ് എന്നു മനസിലായി. ഇതോടെ ഉദ്യോഗസ്ഥരുടെ പൂച്ചുപുറത്തായതും ഇതേ ലോബിയെ ചൊടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണങ്ങള്‍.


150 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റര്‍ വാര്‍ഷിക മെയിന്റനന്‍സിനായി രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. തുടര്‍ന്ന് ആറു ദിവസം കൊണ്ടുതന്നെ ആ ജോലി പൂര്‍ത്തിയായി. കേവലം ആറു ദിവസത്തെ ജോലിക്കുവേണ്ടിയാണ് രണ്ടു മാസത്തെ അടച്ചിടലിന് കെഎസ്ഇബി ഒരുങ്ങിയത്. ഇതും സംസ്ഥാനത്ത് കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ചു പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായിരുന്നു എന്ന് സംശയിക്കുന്നു.


സംസ്ഥാനത്ത് ഏറ്റവും വലിയ ഇടതുയൂണിയനുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കെഎസ്ഇബി. ഒരു സര്‍ക്കാരിനെപ്പോലും അട്ടിമറിക്കാന്‍ പാകത്തിലാണ് അവിടെയുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ വളര്‍ച്ച. കിട്ടിക്കൊണ്ടിരുന്ന കമ്മിഷന്‍ നിലച്ചത് ഈ ലോബിയെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അതിനു വഴങ്ങേണ്ടതില്ലെന്നും ശക്തമായി നേരിടണം എന്നതുമാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളുടെ നിലപാട്. സംസ്ഥാനത്ത് അടുത്ത രണ്ടു മാസം വൈദ്യുതി പ്രതിസന്ധിയുണ്ടാവുമെന്ന മുന്‍ ചെയര്‍മാന്റെ കത്ത് എങ്ങനെ വന്നുവെന്ന് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശം നല്‍കിയത് ഈ നിലപാടിന്റെ തുടര്‍ച്ചയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയില്‍ കൂടുതല്‍ ശുദ്ധീകരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.

Follow us on :

More in Related News