Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 06:19 IST
Share News :
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. അബ്ദുറഹ്മാനെ കൂടാതെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നൽകിയതോടെയാണ് തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. നിലവിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നും ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് വി. അബ്ദുറഹ്മാനെതിരായ ആരോപണം.
അനധികൃത ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലനെതിരായ കണ്ടെത്തൽ. സ്പോർട്സ് കൗൺസിൽ അധ്യക്ഷനായിരിക്കെ സ്പോൺസർക്ക് അനുകൂലമായി കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് യു. ഷറഫലിക്കെതിരായ ആരോപണം.
കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷണം ആരംഭിച്ചത്. മെസ്സിയുടെ പേരിൽ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഗവും നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസിൽ ആരോപണവിധേയരായവർക്കെതിരായ തുടർനടപടികൾ അന്വേഷണത്തിന്റെ ഭാഗമായാണ് സ്വീകരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.