Tue Dec 12, 2023 10:56 PM 1ST

Sign In

ചങ്ങനാശേരി പാറേൽ മർത്ത്മറിയം തീർഥാടനകേന്ദ്രം ഇനി ബസിലിക്ക

21 Nov 2026 21:15 IST

CN Remya

Share News :

കോട്ടയം: കോട്ടയം ചങ്ങനാശേരി പാറേൽ മർത്ത്മറിയം തീർഥാടനകേന്ദ്രം ബസിലിക്ക പദവിയിലേക്ക്. ചങ്ങനാശേരി അതിരൂപതയുടെ മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ മർത്ത്മറിയം വലിയപള്ളിയെ ബസിലിക്കയായി ഉയർത്തി. കേരളത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായി നിർമിച്ച പാറേൽ പള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയെതുടർന്നാണ് ബസിലിക്കയായി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ആദ്യ ബസിലിക്ക എന്ന ചരിത്രനേട്ടവും പാറേൽ പള്ളിക്ക് സ്വന്തമായി. ചങ്ങനാശേരി മർത്ത്മറിയം വലിയപള്ളിയിൽനിന്ന് കൂദാശ തിരുശേഷിപ്പ് എഴുന്നള്ളിച്ചതോടെയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചടങ്ങുകൾക്ക് തുടക്കമായത്. കൂദാശ ചടങ്ങുകൾക്ക് സഭയിലെ ബിഷപ്പുമാരും വൈദികരും വിശ്വാസികളും അടക്കം പതിനായിരങ്ങൾ സാക്ഷികളായി. വൈകിട്ട് അഞ്ചിന് ബസിലിക്ക പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ തോമസ് തറയിലാണ് പ്രഖ്യാപനം നിർവഹിച്ചത്. പാറേൽ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രതിനിധി കർദിനാൾ ആർതർ റോച്ചിന്റെ പത്രിക ആർച്ച്‌ബിഷപ് മാർ തോമസ് തറയിൽ വായിച്ചതോടെ വിശ്വാസികള്‍ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും കേരള കത്തോലിക്ക സഭയ്ക്കും അഭിമാന നിമിഷമായി മാറി. ഇതോടെ പാറേൽ ദേവാലയം മർത്ത്മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക എന്ന പേരിൽ അറിയപ്പെടും. കേരളത്തിലെ പതിനാലാമത്തെയും ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെയും ബസിലിക്കയാണ് പാറേൽ പള്ളി. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിക്കുശേഷം ചങ്ങനാശേരി അതിരൂപതയിൽ ബസിലിക്ക പദവി ലഭിക്കുന്ന ദേവാലയമാണിത്.

1906ൽ സ്ഥാപിതമായ പാറേൽ പള്ളി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്വാസപാരമ്പര്യം പേറുന്നതാണ്. വിശ്വാസികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളും തീർഥാടനകേന്ദ്രത്തിന്റെ പ്രാധാന്യവും പരിഗണിച്ചാണ് പുതിയ ദേവാലയം നിർമിച്ചത്. 2015ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായി പാറേൽ പള്ളി മാറിയത്. 51,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് പുതിയ ദേവാലയസമുച്ചയം നിർമിച്ചിരിക്കുന്നത്. ഒരേസമയം 3,000 വിശ്വാസികൾക്ക് ഇരുന്ന് പ്രാർഥിക്കാനുള്ള സൗകര്യമാണ് പ്രധാന ദേവാലയത്തിലുള്ളത്. ചുറ്റുമുള്ള ഇടനാഴികളിൽ ഏകദേശം 900 പേർക്ക്കൂടി നിൽക്കാനാകും. ഫാനുകളുടെ സഹായമില്ലാതെ തന്നെ സ്വാഭാവിക വായുസഞ്ചാരം ലഭിക്കുന്ന രീതിയിലുള്ള നിർമാണമാണ് പള്ളിയുടെ പ്രധാന സവിശേഷതകളിലൊന്ന്. കേരളീയ വാസ്തുശില്പ പാരമ്പര്യവും ആധുനിക നിർമാണ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്. മൂന്നാം നിലയിലാണ് പ്രധാന ദേവാലയമായ മർത്ത്മറിയം വലിയപള്ളി സ്ഥിതിചെയ്യുന്നത്. രണ്ടാം നിലയിൽ അമലോദ്ഭവ മാതാവിന്റെ കപ്പേളയും നിത്യാരാധന ചാപ്പലും കുമ്പസാരവേദിയും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ഭൂഗർഭ കപ്പേളയും സജ്ജീകരിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് പ്രാർഥനയ്ക്കും ധ്യാനത്തിനും ആത്മീയ ശുശ്രൂഷകൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് പുതിയ ദേവാലയസമുച്ചയത്തിൽ ഒരുക്കിയിരിക്കുന്നത്.

കൂദാശ മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഏഴിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പുതിയ കൽക്കുരിശിന്റെ വെഞ്ചരിപ്പും നടക്കും. രാവിലെ 9.30ന് മാർ തോമസ് പാടിയത്ത് പുതിയ കൊടിമരം വെഞ്ചരിക്കും. ഉച്ചകഴിഞ്ഞ് 3.15ന് യുവദീപ്തി – എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ മരിയൻ റാലിയും യുവജനസംഗമവും സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. വൈകിട്ട് 6.30ന് ചങ്ങനാശേരി എസ്.ബി. കോളജ് ഗ്രൗണ്ടിൽ സംഗീതസംവിധായകരായ അൽഫോൻസ് ജോസഫും സ്റ്റീഫൻ ദേവസിയും നേതൃത്വം നൽകുന്ന ക്രിസ്ത്യൻ സംഗീതപരിപാടിയും അരങ്ങേറും.

ഡിസംബർ 24 വരെ നീളുന്ന വിപുലമായ ആത്മീയ, സാംസ്കാരിക പരിപാടികളാണ് കൂദാശ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നവംബർ 23ന് ഉച്ചകഴിഞ്ഞ് 2.30ന് അമലോദ്ഭവ മാതാ പള്ളിയുടെ കൂദാശയും വിശുദ്ധ കുർബാനയും ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും. നവംബർ 24ന് വൈകിട്ട് 4.15ന് വിശുദ്ധ കുർബാനയും ആറിന് സാംസ്കാരിക സമ്മേളനവും നടക്കും. നവംബർ 25ന് വൈകിട്ട് 4.30ന് മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. വൈകിട്ട് ആറിന് മാർ ജോർജ് കോച്ചേരി നിത്യാരാധന ചാപ്പലിന്റെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പ് നിർവഹിക്കും. തുടർന്ന് ഫാ. ഷാജി തുമ്പേച്ചിറയിലും സംഘവും അവതരിപ്പിക്കുന്ന 'അമ്മയോടൊപ്പം' സ്റ്റേജ് ഷോയും നടക്കും. നവംബർ 26നും 27നും വിശുദ്ധ കുർബാനയും വചനപ്രഘോഷണവും വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളും നടക്കും. ഡിസംബർ 24ന് ഉച്ചകഴിഞ്ഞ് 2.30ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ ഭൂഗർഭ കപ്പേളയുടെ കൂദാശയും തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കുന്നതോടെ പ്രധാന കൂദാശച്ചടങ്ങുകൾ സമാപിക്കും.

Follow us on :

More in Related News