Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 20:36 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ബിസിനസ് വിജയഗാഥകളും നിക്ഷേപ സാധ്യതകളും പുതിയ സംരംഭക ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ബുധനാഴ്ച മസ്‌കറ്റിൽ നടക്കും. അൽ മൗജിലെ സെന്റ് റെജീസ് ഹോട്ടലിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മിറ്റിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യവസായികൾ, നയതന്ത്ര പ്രതിനിധികൾ, സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും.
ഒമാൻ രാജകുടുംബാംഗവും മുതിർന്ന നയതന്ത്രജ്ഞനുമായ സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് ഉദ്ഘാടന സെഷനിൽ മുഖ്യാതിഥിയാകും. കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദറും ചടങ്ങിൽ സന്നിഹിതനാകും.
ഒ.സി.സി.ഐ ചെയർമാൻ ശൈഖ് ഫെസൽ ബിൻ അബ്ദുല്ല അൽ റവാസ് ‘വൈ ഒമാൻ, വൈ നൗ’ എന്ന വിഷയത്തിൽ മുഖ്യ അവതരണം നടത്തും. ഒമാനിലെ ലോജിസ്റ്റിക്‌സ്, നിർമാണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസുരക്ഷ, ഫിഷറീസ്, സുസ്ഥിര വികസനം, ഖനനം, ധാതുവിഭവങ്ങൾ, ആരോഗ്യപരിപാലനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ അവതരണത്തിൽ വിശദീകരിക്കും. പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ധാരണാപത്രങ്ങളുടെ കൈമാറ്റവും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
ഒ.സി.സി.ഐ ബോർഡ് അംഗവും വിദേശ നിക്ഷേപ സമിതി മേധാവിയുമായ അബ്ദുല്ലത്തീഫ് ഉപ്പള ചേംബറിന്റെ നിക്ഷേപ സന്ദേശം അവതരിപ്പിക്കും. തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സംസാരിക്കും.
പ്രമുഖ വ്യവസായികളുടെ അനുഭവങ്ങൾ പങ്കുവെക്കും
പ്രശസ്ത മെന്റർ അർഫീൻ ഖാൻ നയിക്കുന്ന ‘അൺലോക്കിങ് ദ മൈൻഡ്‌സെറ്റ് ബിഹൈൻഡ് ഓപ്പർച്യൂനിറ്റി’ എന്ന സെഷനാണ് സമ്മിറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. അവസരങ്ങളെ തിരിച്ചറിയാനും വിജയത്തിലേക്ക് മുന്നേറാനും സഹായിക്കുന്ന ചിന്താഗതികളെക്കുറിച്ച് സെഷനിൽ ചർച്ച ചെയ്യും.
ഒമാന്റെ ആധുനിക വികസന ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്ന ‘മീറ്റ് ദ പയനിയേഴ്‌സ്’ സെഷനും അരങ്ങേറും. ഗൾഫാർ എൻജിനീയറിങ് സ്ഥാപകൻ ഡോ. പി. മുഹമ്മദലി, ഖിംജി രാംദാസ് ഗ്രൂപ്പ് ഡയറക്ടർ അനിൽ ഖിംജി, അൽ അൻസാരി ഗ്രൂപ്പ് സ്ഥാപകൻ കിരൺ ആഷർ എന്നിവർ തങ്ങളുടെ സംരംഭക യാത്രകളും ബിസിനസ് അനുഭവങ്ങളും പങ്കുവെക്കും.
ഇന്ത്യ-ഒമാൻ വ്യാപാരബന്ധത്തിനും ഹരിത സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാധാന്യം
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര പങ്കാളിത്ത വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബി. കൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്കും പുതിയ വാണിജ്യ സാധ്യതകൾക്കും സെഷൻ പ്രാധാന്യം നൽകും.
സുസ്ഥിര ബിസിനസ് മാതൃകകളും ഒമാന്റെ ഹരിത ഭാവിയും സർക്കുലർ ഇക്കോണമിയും അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചയും നടക്കും. ഒമാൻ പരിസ്ഥിതി അതോറിറ്റിയിലെ പരിസ്ഥിതി അനുസരണ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് സൈഫ് അൽ കൽബാനി, മാലിന്യസംസ്‌കരണ മേഖലയെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ പ്രവാസി വ്യവസായികളായ നൗഷാദ് റഹ്മാൻ, ഇബ്രാഹിം അബ്ദുൽ റഹീം, ഇ.എം. ബദറുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ഖനന-ധാതുവിഭവ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ഹ്രസ്വ അവതരണം ഷിജു ശശിധരൻ നടത്തും. ഒമാനിലെ ഫിഷറീസ് മേഖലയിലെ നിക്ഷേപ, വാണിജ്യ സാധ്യതകൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനിൽ മസ്‌കറ്റിലെ വകുപ്പുതല ഡയറക്ടർ ഡോ. ഹുസൈൻ മുഹമ്മദ് അൽ മസ്കത്തി, പ്രവാസി വ്യവസായി മുഹമ്മദ് അമീൻ സേട്ട് തുടങ്ങിയവർ പങ്കെടുക്കും.
ഒമാനിലെ വിവിധ സാമ്പത്തിക മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും സംരംഭകർക്കും നിക്ഷേപകർക്കും പുതിയ ബിസിനസ് ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന സമ്മിറ്റ് വൈകുന്നേരത്തോടെ സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.