Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 06:59 IST
Share News :
അത്താണി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനെത്തിയ വിമാനത്തിന്റെ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന് വീട്ടുടമയ്ക്ക് പരിക്കേറ്റു. അത്താണി ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിനാണ് ഞായറാഴ്ച രാവിലെ നാശനഷ്ടമുണ്ടായത്.
രാവിലെ പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് സൈമണും ഭാര്യ ശോശാമ്മയും വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് താഴ്ന്നിറങ്ങിയ ഗൾഫ് വിമാനത്തിന്റെ ശക്തമായ കാറ്റിലും പ്രകമ്പനത്തിലും വീടിന്റെ ഓടിട്ട മേൽക്കൂര കുലുങ്ങി തകർന്നു. ഏകദേശം 100 ഓളം ഓടുകൾ വീടിനകത്തും പുറത്തുമായി വീണു.
ഓടുകൾ വീഴുന്നത് കണ്ട സൈമൺ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ഓട് തോളിൽ പതിച്ച് പരിക്കേറ്റത്. സംഭവത്തിൽ വീടിന് കാര്യമായ നാശനഷ്ടമുണ്ടായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്ററോളം അകലെയുള്ള ശാന്തിനഗർ പ്രദേശത്ത് വിമാനങ്ങൾ ഉയരുകയും ഇറങ്ങുകയും ചെയ്യുന്ന സമയങ്ങളിൽ ശക്തമായ കാറ്റും പ്രകമ്പനവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപും സമീപ പ്രദേശങ്ങളിലെ ചില വീടുകൾക്ക് സമാനമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, വൈസ് പ്രസിഡന്റ് സി.വൈ. ശാബോർ, വാർഡ് മെമ്പർ ഉഷാ സുന്ദരൻ എന്നിവരും പരിശോധന നടത്തി.
Follow us on :
More in Related News
Please select your location.