Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 21:30 IST
Share News :
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിന്റെ (RINL) കീഴിലുള്ള വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പിലെ കാസ്റ്റിങ് വിഭാഗത്തിലാണ് അപകടമുണ്ടായത്.
എസ്.ടി.സി-3 ഹീറ്റ് ഫെസിലിറ്റിയിൽ ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്ക് നിറച്ച വലിയ പാത്രം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് ഉരുകിയ സ്റ്റീൽ പുറത്തേക്ക് ഒഴുകുകയും പ്ലാന്റിനുള്ളിൽ തീപ്പിടിത്തമുണ്ടാകുകയും ചെയ്തു.
അപകടം നടന്നയുടൻ പ്ലാന്റ് ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം ഗുരുതരമായി. സംഭവത്തിൽ എട്ട് തൊഴിലാളികൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സർക്കിൾ ഇൻസ്പെക്ടർ കേശവറാവു സ്ഥിരീകരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനവും അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Follow us on :
Tags:
More in Related News
Please select your location.