Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 09:18 IST
Share News :
ദുബൈ: യെമനിലെ ഹൂത്തി വിമതരും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ ചെങ്കടൽ മേഖലയിൽ യുദ്ധഭീതി. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. തുറമുഖം വഴി ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്തുന്നത് തടയുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു.
ഹൊദൈദ തുറമുഖത്തെ സൈനിക ശേഷികൾ ലക്ഷ്യമിട്ട് പ്രത്യേക സൈനിക നടപടി ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തിന് മുന്നോടിയായി തുറമുഖ പരിസരത്തുനിന്ന് സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകിയിരുന്നു.
യെമൻ തലസ്ഥാനമായ സനയിലെ മിസൈൽ, ഡ്രോൺ ശേഷികൾ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി സഖ്യസേന അറിയിച്ചു. സാദ, തായ്സ് മേഖലകളിലും സൈനിക നടപടികൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹൂത്തികളുടെ ആയുധക്കടത്ത് ശൃംഖലയും സൈനിക കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് സഖ്യസേനയുടെ വിശദീകരണം.
ആക്രമണത്തിന് തിരിച്ചടിയായി സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള തുറമുഖങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകി. ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങൾ ആക്രമണത്തിന്റെ പരിധിയിലായിരിക്കുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി എക്സിലൂടെ അറിയിച്ചു.
സൗദി തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടൻ ഒഴിഞ്ഞുപോകണമെന്നും കപ്പൽ കമ്പനികൾ തങ്ങളുടെ കപ്പലുകൾ അവിടെനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ, സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. തെക്കൻ സൗദിയിലെ ജിസാൻ മേഖലയിലെ തുറമുഖത്തിനും അൽ ഷുഖൈഖ് വൈദ്യുത നിലയത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂത്തികളും അവകാശപ്പെട്ടു.
ചെങ്കടൽ മേഖലയിലെ പ്രധാന ചരക്കുനീക്ക പാതകളെയും യെമനിലേക്കുള്ള ഭക്ഷ്യ-മാനുഷിക സഹായ വിതരണത്തെയും പുതിയ സംഘർഷം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഹൊദൈദ തുറമുഖം യെമനിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന പ്രധാന പ്രവേശനകവാടമാണ്. തുറമുഖം പ്രവർത്തനം തുടരുകയാണെന്നും ചരക്കുനീക്കം തടസ്സപ്പെട്ടിട്ടില്ലെന്നും യെമൻ ഇൻഫർമേഷൻ മന്ത്രി അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
Follow us on :
Tags:
Please select your location.