Tue Dec 12, 2023 10:56 PM 1ST

Sign In

സോഹാർ കെ.എം.സി.സി ഫുട്ബോൾ ടൂർണമെന്റ്; ബിദായ എഫ്.സി ജേതാക്കൾ

21 Nov 2026 18:27 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: കാൽപന്തുകളിയുടെ ആവേശവും പ്രവാസി കൂട്ടായ്മയുടെ സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സോഹാർ കെ.എം.സി.സി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത് ഫുട്ബോൾ ടൂർണമെന്റ് അൽ ത്വരീഫ് ഫുട്ബോൾ ഗ്രൗണ്ടിൽ സമാപിച്ചു. എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബിദായ എഫ്.സി ചാമ്പ്യന്മാരായി. എൻ.എസ്.ഐ സോഹാർ ടീം രണ്ടാം സ്ഥാനവും അൽ ജസീറ സോഹാർ ടീം മൂന്നാം സ്ഥാനവും നേടി.

മസ്‌കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും സ്പോർട്സ് വിംഗ് ചെയർമാനുമായ ഷാനവാസ് മൂവാറ്റുപുഴ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് വാണിമേൽ, സോഹാർ കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീസ് ഇരിക്കൂർ, ഷബീറലി മാസ്റ്റർ, മുസ്തഫ മുഴുപ്പിലങ്ങാട്, അഷ്റഫ് മലപ്പുറം, പി.ടി.പി ഹാരിസ്, സുനീർ അറക്കൽ, ബഷീർ തളങ്കര, അദ്നാൻ അൽ ജസീറ, അനീഷ് ആതവനാട് തുടങ്ങിയ കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ടൂർണമെന്റിന്റെ ഭാഗമായി കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരവും സംഘടിപ്പിച്ചു. വനിതാ വിംഗ് അംഗങ്ങൾ, കുട്ടികൾ, കുടുംബങ്ങൾ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമായി. സോഹാറിലെ ബദർ അൽ സമാ ആശുപത്രിയുടെ സഹകരണത്തോടെ കളിക്കാർക്കും കാണികൾക്കുമായി മെഡിക്കൽ സേവനവും ഒരുക്കിയിരുന്നു.

വിജയത്തിനും പരാജയത്തിനുമപ്പുറം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കായിക മര്യാദയുടെയും സന്ദേശം പകർന്ന ടൂർണമെന്റ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളെ ഒരേ കളിക്കളത്തിൽ ഒരുമിപ്പിച്ചു. സംഘാടക മികവും കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും കാണികളുടെ ആവേശകരമായ പിന്തുണയും കൊണ്ട് ഏഴാമത് ഫുട്ബോൾ ടൂർണമെന്റ് സോഹാറിലെ പ്രവാസി സമൂഹത്തിന് ശ്രദ്ധേയമായ കായികോത്സവമായി മാറി.


Follow us on :

More in Related News