Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 06:41 IST
Share News :
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖ്വെഷം ദ്വീപിൽ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. നവംബർ 17 ചൊവ്വാഴ്ചയാണ് ദ്വീപിലെ ലക്ഷ്യങ്ങൾക്കുനേരെ യുഎസ് സൈനിക നീക്കമുണ്ടായത്. ഇറാന്റെ സൈനിക കേന്ദ്രത്തിലെ മിസൈൽ വിക്ഷേപണ സംവിധാനമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ആക്രമണത്തിൽ ജനവാസ മേഖലകൾക്കോ വാണിജ്യ, അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് നഫീസി അറിയിച്ചു. ദ്വീപിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അടിയന്തര സേവന വിഭാഗങ്ങൾ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ഖ്വെഷം ദ്വീപിൽ അഞ്ചോ ആറോ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ദ്വീപിൽനിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സൈനിക കേന്ദ്രങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇതിനുമുമ്പ് ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിലെ യുഎസ് സൈന്യം ഉപയോഗിക്കുന്ന റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടിരുന്നു. അമേരിക്കൻ സൈനിക ഡ്രോണുകൾ ഇറാന്റെ വ്യോമാതിർത്തി ആവർത്തിച്ച് ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ വിശദീകരണം.
എന്നാൽ, ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ തടഞ്ഞതായും യുഎസ് സൈനിക ഉപകരണങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ബഹ്റൈൻ അധികൃതരും ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. ഇറാൻ അംഗീകരിച്ച സുരക്ഷിത പാതകളിലൂടെ മാത്രമേ കപ്പലുകൾ കടന്നുപോകാവൂ എന്ന നിലപാടാണ് ടെഹ്‌റാൻ സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാത്ത പാതകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും എണ്ണ ടാങ്കറുകളിലെ തീപിടിത്തങ്ങളും സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ചില കപ്പലുകൾ നാവിക മൈനുകളിൽ തട്ടിയതാണെന്നാണ് ഇറാന്റെ അവകാശവാദം. അതേസമയം, പ്രധാന കപ്പൽ ഗതാഗത പാതകളിൽനിന്ന് മൈനുകൾ നീക്കം ചെയ്തതായി യുഎസ് സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള ഊർജ വിപണിയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിലും ആശങ്ക വർധിപ്പിക്കുകയാണ്.
Follow us on :
Tags:
Please select your location.