Tue Dec 12, 2023 10:56 PM 1ST

Sign In

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം; വിളംബര ഘോഷയാത്ര വര്‍ണാഭമായി

21 Nov 2026 19:57 IST

Jithu Vijay

Share News :

വേങ്ങര : കായിക-കലാ പ്രതിഭകളുടെ മാറ്റുരയ്ക്കലിന് വേദിയാകുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി വേങ്ങര ടൗണില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വര്‍ണാഭമായി. എട്ടാംകല്ല് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരത്തിലൂടെ സഞ്ചരിച്ച് താഴെ അങ്ങാടി തപാല്‍ ഓഫീസ് പരിസരത്തെ മൈതാനത്ത് സമാപിച്ചു. വാദ്യമേളങ്ങള്‍, ശിങ്കാരിമേളം, കഥകളി, മുട്ടിപ്പാട്ട്, കളരിപ്പയറ്റ്, സ്‌കേറ്റിങ്, കോല്‍ക്കളി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. സമാപന വേദിയില്‍ ട്രോഫികളുടെ പ്രദര്‍ശനവും തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ അവതരണവും നടന്നു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബൂതാഹിര്‍, വൈസ് പ്രസിഡന്റ് ജുസൈറ മന്‍സൂര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ. സുബൈര്‍ മാസ്റ്റര്‍, കെ.പി. സുലൈഖ, പി.ടി. സലാഹ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റൈഹാന ബീഗം, ശരീഫ് വടക്കയില്‍, പറമ്പത്ത് മുഹമ്മദ്, ലൈല പുല്ലൂണി, വേങ്ങര ബാങ്ക് പ്രസിഡന്റ് എ.കെ. നാസര്‍, പി.എ. ചെറീത്, കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.കെ. സൈനുദ്ദീന്‍ ഹാജി, ആയിശ പിലാക്കടവത്ത് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തു തല വിജയികള്‍ക്ക് പുറമെ നാല്‍പത് വയസ്സ് പിന്നിട്ടവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.


കേരളോത്സവത്തിന്റെ ഭാഗമായി നവംബര്‍ 21-ന് കണ്ണമംഗലം പഞ്ചായത്ത് മൈതാനത്ത് വോളിബോള്‍, പഞ്ചഗുസ്തി മത്സരങ്ങളും നവംബര്‍ 22-ന് ഇന്‍കെല്‍ മൈതാനത്ത് ക്രിക്കറ്റ് മത്സരവും നടക്കും. തുടര്‍ന്ന് നവംബര്‍ 27-ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചെസ്സ്, 28-ന് എ.ആര്‍. നഗര്‍ പഞ്ചായത്ത് മൈതാനത്ത് കബഡി, വടംവലി, 29-ന് ഊരകം നവോദയ മൈതാനത്ത് കായിക മത്സരങ്ങള്‍, പുഴച്ചാലില്‍ കാര്‍ഷിക മത്സരങ്ങള്‍ എന്നിവ അരങ്ങേറും. ഡിസംബര്‍ ഒന്നിന് തറയിട്ടാല്‍ കിംഗ്‌സ് മൈതാനത്ത് ബാഡ്മിന്റണ്‍ മത്സരവും ഡിസംബര്‍ ആറിന് കോഴിച്ചെന മൈതാനത്ത് ഫുട്‌ബോള്‍ മത്സരവും നടക്കും. കലാമത്സരങ്ങളും നീന്തല്‍, ബാസ്‌കറ്റ് ബോള്‍, അമ്പെയ്ത്ത്, കളരിപ്പയറ്റ് തുടങ്ങിയ മറ്റ് കായിക ഇനങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വേദികളിലായി നടക്കും.

Follow us on :

More in Related News