Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 07:22 IST
Share News :
കോഴിക്കോട്: മാനുഷിക സേവനം, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസ ഉന്നമനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് സമ്മാനിക്കും. ഞായറാഴ്ച കോഴിക്കോട് മർകസിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പുരസ്‌കാരം സമ്മാനിക്കും.
ലോകമെമ്പാടുമുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും വിവിധ രാജ്യങ്ങളിൽ സമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. അൻവർ ഇബ്രാഹീമിന്റെ ദീർഘകാലത്തെ സേവനവും ധാർമിക നേതൃത്വവും ആഗോളതലത്തിൽ സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ട പ്രവർത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ പരിഗണിച്ചതെന്ന് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
മലേഷ്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിലും രാജ്യത്തിന്റെ വൈജ്ഞാനിക-സാമൂഹിക പുരോഗതിയിലും അൻവർ ഇബ്രാഹീമിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും അധികൃതർ പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങൾ ഒരുക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പൊന്നാനി ഉൾപ്പെടെയുള്ള കേരളത്തിന്റെ പൗരാണിക വൈജ്ഞാനിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുരസ്‌കാരത്തിനുള്ള ഉപഹാരം ഒരുക്കിയിരിക്കുന്നത്. നിലമ്പൂർ തേക്കിൽ നിർമിച്ച ഉപഹാരം വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആശയം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.