Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈലറ്റിനെ കുത്തി, വിമാനം നിയന്ത്രണം വിട്ടു; 174 പേരെ രക്ഷിച്ച ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് നെതന്യാഹു

01 Oct 2026 08:04 IST

NewsDelivery

Share News :

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. വിമാനത്തിനുള്ളിൽ സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ഛാർ നടത്തിയ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. 

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് FZ1073 വിമാനം ബുധനാഴ്ചയാണ് അടിയന്തര സാഹചര്യത്തിൽ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിനുള്ളിൽ ക്യാപ്റ്റനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയത്. സംഭവത്തിന്റെ കാരണവും ഉദ്ദേശ്യവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. 

ആക്രമണത്തിനിടെ വിമാനം വലിയ തോതിൽ താഴേക്ക് പതിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമണം നടത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ഫ്‌ലൈദുബായ് പൈലറ്റുമാരും നിയന്ത്രണം ഏറ്റെടുത്തതോടെ വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറക്കാനായി. 

പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കാൻ സഹായിച്ചതോടെയാണ് യാത്രക്കാരും ജീവനക്കാരും അകത്തേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയ പൈലറ്റിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞതെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പിന്നീട് വിശദീകരിച്ചു. 

എക്‌സിലെ സന്ദേശത്തിലാണ് നെതന്യാഹു ക്യാപ്റ്റൻ മച്ഛാറിന്റെ ധൈര്യത്തെ പ്രശംസിച്ചത്. പരിക്കേറ്റിട്ടും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറക്കാൻ സഹായിക്കുകയും ചെയ്തതിലൂടെ വലിയ ദുരന്തം ഒഴിവാക്കുന്നതിൽ അദ്ദേഹം പങ്കുവഹിച്ചെന്ന് നെതന്യാഹു പറഞ്ഞു. 

സ്മിത് മച്ഛാർ ഇന്ത്യൻ പൗരനാണെന്നും നേരത്തെ സ്‌പൈസ്‌ജെറ്റിൽ ജോലി ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബോയിങ് 737 വിമാനങ്ങളിൽ ദീർഘകാല പരിചയമുള്ള അദ്ദേഹം 2022 ജൂണിലാണ് ഫ്‌ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്

Follow us on :

More in Related News