Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 18:58 IST
Share News :
മസ്കറ്റ്: ഒമാന്റെ 56-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പ്രവാസി അസോസിയേഷന്റെ (OPA) നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ പ്രവാസികളുടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഏറ്റവും വലിയ കുടിമരത്തിന് സമീപമുള്ള അൽ ഖുവൈർ സ്ക്വയറിൽ നടന്ന ആഘോഷത്തിൽ നൂറുകണക്കിന് പ്രവാസികൾ പങ്കുചേർന്നു. സ്വദേശികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യം പരിപാടിയെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സംഗമമാക്കി.
പ്രവാസികൾക്ക് അന്നവും അഭയവും തൊഴിലും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും നൽകിയ ഒമാൻ എന്ന രാജ്യത്തോടുള്ള സ്നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ദേശീയദിനാഘോഷം എന്നതിലുപരി, തങ്ങളെ ചേർത്തുപിടിച്ച മണ്ണിനോടുള്ള കടപ്പാട് പങ്കുവെക്കുന്ന സ്നേഹസംഗമമായി പരിപാടി മാറി.
ദേശീയദിനത്തിന്റെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ മധുരവിതരണം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഒമാന്റെ ദേശീയ ഐക്യം, സഹവർത്തിത്വം, സമാധാനം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച ആഘോഷത്തിൽ വിവിധ രാജ്യക്കാരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒമാനിലെ പ്രവാസികളെ ഒരുമിപ്പിക്കുന്ന ഒമാൻ പ്രവാസി അസോസിയേഷൻ സാമൂഹിക സേവന, പ്രവാസിക്ഷേമ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. പ്രവാസി സമൂഹത്തിന്റെ ക്ഷേമം, ഐക്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്.
ഒമാൻ നൽകിയ സ്നേഹത്തിനും കരുതലിനും സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടുള്ള ആഘോഷം പ്രവാസലോകത്ത് വേറിട്ടൊരു സ്നേഹസംഗമമായി. ഒമാനോടുള്ള പ്രവാസികളുടെ ആദരവും രാജ്യത്തോടുള്ള ആത്മബന്ധവും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായി ദേശീയദിനാഘോഷം.
Follow us on :
Tags:
More in Related News
Please select your location.