Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെല്ലറ്റ് വെടിയിൽ 19-കാരന് കാഴ്ച നഷ്ടം; രാഹുലിന്റെ 6 മണിക്കൂർ ധർണയ്ക്ക് പിന്നാലെ എഫ്ഐആർ

22 Aug 2026 09:38 IST

NewsDelivery

Share News :

ന്യൂഡൽഹി: ജൂലൈ 20-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് 19-കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒടുവിൽ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ആറുമണിക്കൂറിലേറെ നടത്തിയ ധർണയ്ക്കൊടുവിലാണ് പോലീസ് നടപടി.

പെല്ലറ്റ് ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ ഗുരുതരമായ പരിക്കേൽപ്പിക്കൽ, മറ്റുള്ളവരുടെ ജീവനും വ്യക്തിഗത സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതം

ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സാഹിൽ, പെല്ലറ്റ് ഗൺ ആക്രമണവുമായി ബന്ധപ്പെട്ട് ഈ മാസം 14-നും 17-നും ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപണമുയർന്നു.

തുടർന്നാണ് രാഹുൽ ഗാന്ധി വിഷയം നേരിട്ട് ഏറ്റെടുത്തത്. സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകാതിരുന്നതോടെയാണ് രാഹുൽ പോലീസ് സ്റ്റേഷന് മുന്നിൽ കസേരയിട്ട് ധർണ ആരംഭിച്ചത്.

ആറുമണിക്കൂറിലേറെ കുത്തിയിരിപ്പ്

ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുലിന്റെ ധർണ ആരംഭിച്ചത്. ആറുമണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തി.

പോലീസ് സ്റ്റേഷന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. വൈകുന്നേരം ആറുമണിയോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കുന്നതുവരെ ധർണ അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുൽ.

ഒടുവിൽ എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ചത്.


'നീതിയിലേക്കുള്ള ആദ്യചുവട്'

സാഹിലിനെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നീതിയിലേക്കുള്ള ആദ്യചുവടാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ പോലും നീതി ലഭിക്കാൻ ഇത്രയും പോരാട്ടം നടത്തേണ്ടിവരുന്നുവെങ്കിൽ ഗ്രാമങ്ങളിലെയും ചെറിയ പട്ടണങ്ങളിലെയും സാധാരണക്കാർക്ക് എന്ത് സംഭവിക്കുമെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

താനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, ഒരു ഇന്ത്യൻ പൗരനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും നീതി ലഭിക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രാഹുൽ വിമർശിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് അന്തിമ അനുമതി ലഭിക്കാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും എഫ്ഐആർ നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനെക്കുറിച്ചും വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on :

More in Related News