Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു; തിങ്കളാഴ്ച ബാങ്കുകൾ സാധാരണ നിലയിൽ

28 Sep 2026 09:54 IST

NewsDelivery

Share News :

ദില്ലി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU)ആണ് സമരം മാറ്റിവച്ചതായി അറിയിച്ചത്.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (IBA) നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ ധാരണയായത്. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും ധാരണയായി.

അഞ്ച് ദിന പ്രവൃത്തി ആഴ്ച പ്രധാന ആവശ്യം

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി മാറ്റണമെന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. ഇതിന് പുറമെ പെൻഷൻ പരിഷ്കരണം, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്.

ഈ ആവശ്യങ്ങളിൽ ചിലത് നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ഞായറാഴ്ചയും ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

തിങ്കളാഴ്ച ബാങ്കുകൾ തുറക്കും

അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച സംബന്ധിച്ച വിഷയം വിശദമായി പഠിക്കുന്നതിനായി ഉടൻ ഉന്നതതല സമിതി രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കുമെന്നാണ് അറിയിപ്പ്.

മറ്റ് ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണാമെന്ന ഉറപ്പ് ലഭിച്ചതായും ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. പണിമുടക്ക് പിൻവലിച്ചതോടെ സെപ്റ്റംബർ 28 തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.

Follow us on :

More in Related News