Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക കേരള സഭയ്ക്ക് ബദൽ സംവിധാനം വേണമെന്ന് വേൾഡ് കെ.എം.സി.സി.

28 Sep 2026 12:02 IST

NewsDelivery

Share News :

കോഴിക്കോട്: ലോക കേരള സഭയ്ക്ക് പകരം ശക്തവും സുതാര്യവും കാര്യക്ഷമവുമായ ബദൽ സംവിധാനം ഒരുക്കാതെ സഭ നിർത്തലാക്കുന്നത് പ്രവാസി മലയാളി സമൂഹത്തിന് ദോഷകരമാകുമെന്ന് വേൾഡ് കെ.എം.സി.സി. അഭിപ്രായപ്പെട്ടു.

ലോക കേരള സഭ നിർത്തിവെക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് പ്രവാസി മലയാളി സമൂഹവുമായി വിശദമായ കൂടിയാലോചന നടത്തണമെന്ന് സംഘടന കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന വലിയൊരു ശൃംഖല ബദൽ സംവിധാനമില്ലാതെ ഇല്ലാതാക്കുന്നത് ഗുണകരമല്ലെന്നും നേതാക്കൾ പറഞ്ഞു.

ലോക കേരള സഭ ഒരു എക്സിക്യൂട്ടീവ് ഏജൻസിയല്ലെന്നും പ്രവാസി സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും ആശയരൂപീകരണത്തിനുമുള്ള വേദിയാണെന്നും വേൾഡ് കെ.എം.സി.സി. ചൂണ്ടിക്കാട്ടി. അതിനാൽ ഒരു മന്ത്രാലയത്തിന്റെയോ എക്സിക്യൂട്ടീവ് ഏജൻസിയുടെയോ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അതിന്റെ വിജയപരാജയങ്ങൾ വിലയിരുത്തുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.

ലോക കേരള സഭ മുന്നോട്ടുവെച്ച ആശയങ്ങൾ നടപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കുമാണ് ഉണ്ടായിരുന്നത്. അതേസമയം, പൊതുഖജനാവിൽ നിന്നുള്ള ചെലവുകളിൽ സാമ്പത്തിക സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സഭയുടെ പ്രവർത്തനങ്ങളിൽ സാമ്പത്തിക അപാകതകളോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

സാമ്പത്തിക ബാധ്യതകളും പ്രവർത്തനത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്ന സംവിധാനം ബദൽ വേദിയില്ലാതെ അവസാനിപ്പിക്കരുതെന്നാണ് വേൾഡ് കെ.എം.സി.സി.യുടെ നിലപാട്. നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് പ്രവാസികൾക്ക് കൂടുതൽ പ്രയോജനകരവും കാര്യക്ഷമവും സുതാര്യവുമായ നിയമപരമായ സ്ഥിരം ആഗോള മലയാളി പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ വേൾഡ് കെ.എം.സി.സി. പ്രസിഡന്റ് കെ. പി. മുഹമ്മദ് കുട്ടി, ട്രഷറർ യു. എ. നസീർ, വൈസ് പ്രസിഡന്റുമാരായ സി. വി. എം. വാണിമേൽ, അബ്ദുള്ള ഫാറൂഖി, കുഞ്ഞഹമ്മദ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു

Follow us on :

More in Related News