Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ചാം വയസ്സിൽ ഏഷ്യയും, ലോകവും കീഴടക്കി; നിസ്‌വ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഫത്‌വിൻ ദുഅ ബെഹ്നമിന് റെക്കോർഡ് നേട്ടം

28 Sep 2026 20:37 IST

ENLIGHT MEDIA OMAN

Share News :

നിസ്‌വ: അസാധാരണമായ ഓർമ്മശക്തിയും വേഗത്തിലുള്ള അവതരണശേഷിയും കൊണ്ട് അഞ്ചാം വയസ്സിൽ തന്നെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി നിസ്‌വ ഇന്ത്യൻ സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയായ ഫത്‌വിൻ ദുഅ ബെഹ്നം ശ്രദ്ധേയയായി.

25 രാജ്യങ്ങളുടെ പേരുകൾ അക്ഷരമാലാക്രമത്തിൽ ഏറ്റവും വേഗത്തിൽ അവതരിപ്പിച്ച വിഭാഗത്തിലാണ് ഫത്‌വിൻ ദുഅ ബെഹ്നം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

ഇതിനുപുറമെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, കേരള ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലും വിവിധ വിഭാഗങ്ങളിലായി ഫത്‌വിൻ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

120 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയുക, 100 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുക, 60 കാർ ലോഗോകൾ തിരിച്ചറിയുക, ലോകപ്രശസ്തരായ 50 വ്യക്തികളെ തിരിച്ചറിയുക, 50 പച്ചക്കറികൾ, 50 പഴങ്ങൾ, 100 ജീവജാലങ്ങൾ, 35 ആകൃതികൾ, 40 തൊഴിൽ മേഖലകൾ, 50 ശരീരഭാഗങ്ങൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചറിയുക തുടങ്ങിയ വിവിധ കഴിവുകളാണ് ഈ കൊച്ചു പ്രതിഭയെ റെക്കോർഡ് നേട്ടങ്ങൾക്ക് അർഹയാക്കിയത്.

കോഴിക്കോട് പൂനൂർ സ്വദേശിയായ ഫവാസ് മുഹമ്മദിന്റെയും അത്തോളി സ്വദേശിനിയും ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടറുമായ കണ്ടപ്പൻകണ്ടി ഫിഫിനയുടെയും മകളാണ് ഫത്‌വിൻ ദുഅ ബെഹ്നം. ഫവാസ് മുഹമ്മദ് ഒമാനിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.

ചെറുപ്രായത്തിൽ തന്നെ ഏഷ്യയുടെയും ലോകതലത്തിന്റെയും റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയ ഫത്‌വിൻ ദുവ ബെഹ്നാമിന്റെ വിജയം കുടുംബത്തിനും നാടിനും ഒമാനിലെ പ്രവാസി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. വിവിധ മേഖലകളിൽ അസാമാന്യ മികവ് തെളിയിച്ച ഈ കൊച്ചു മിടുക്കിക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Follow us on :

More in Related News