Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2026 10:23 IST
Share News :
കോഴിക്കോട്: കുട്ടികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന എഐ (AI) വീഡിയോകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുട്ടികൾ കാണുന്ന വീഡിയോകളിലെ അശ്ലീലവും അധിക്ഷേപകരവുമായ ഭാഷയും ഉള്ളടക്കവും ആശങ്കയുണ്ടാക്കുന്നതായി യോഗം വിലയിരുത്തി.
കുട്ടികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഉപയോഗിച്ച് നിർമിക്കുന്ന എഐ വീഡിയോകൾ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി സനാ നജീബ് ചൂണ്ടിക്കാട്ടി. ഇത്തരം വീഡിയോകൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആർക്കും വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കാനാകുന്ന സാഹചര്യമാണുള്ളതെന്ന് എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പറഞ്ഞു. മോശമായതും വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്ന പ്രവണതയുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതങ്ങളും അവയ്ക്ക് കൂടുതൽ പ്രചാരം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മാറ്റം വരുത്തുന്നതിനൊപ്പം സർക്കാർ തലത്തിൽ നിയന്ത്രണങ്ങളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ വിഷയം ഗൗരവത്തോടെ കാണണമെന്ന് ബിന്ദു സരസ്വതിഭായ് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതും അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതും തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു.
എഐ വീഡിയോകൾ കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് നിർമിക്കപ്പെടുന്നതെന്നും അവ നിരീക്ഷിക്കാൻ കർശനമായ സംവിധാനങ്ങൾ ആവശ്യമാണെന്നും സുധ മേനോൻ അഭിപ്രായപ്പെട്ടു. ഇത്തരം വീഡിയോകൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് രാധ സജീവൻ പറഞ്ഞു. കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗവും ആശങ്കയുണ്ടാക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എഐ പ്രയോജനപ്പെടുത്താമെങ്കിലും ദുരുപയോഗം തടയണമെന്നും അവർ ആവശ്യപ്പെട്ടു.
എഐ വീഡിയോകൾ എല്ലാ പ്രായത്തിലുള്ളവരും കാണുന്നുണ്ടെന്നും നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽനിന്ന് വേഗത്തിൽ നീക്കം ചെയ്യണമെന്നും ദുർഗ അഭിപ്രായപ്പെട്ടു.
എഐ സാങ്കേതികവിദ്യയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് യോഗം വിലയിരുത്തി. കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിൽ എഐ വീഡിയോകൾ പ്രയോജനപ്പെടുത്താമെങ്കിലും കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ തടയേണ്ടതുണ്ട്. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ കർശനമായ നിരീക്ഷണവും നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.