Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍ക്കാരിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ നിര്‍ജീവം; നേട്ടങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കുന്നതില്‍ വീഴ്ച

19 Oct 2026 09:16 IST

np shakeer

Share News :

-പിആര്‍ഡിയില്‍ ഇപ്പോഴും തുടരുന്ന ഇടതുസ്വാധീനമാണ് പിന്നിലെന്ന് ആക്ഷേപം- 

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് അഞ്ചു മാസം പിന്നിടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ നിര്‍ജീവാവസ്ഥയില്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (ഐപിആര്‍ഡി) നേതൃത്വത്തില്‍ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലുകളിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടെന്ന വിമര്‍ശനം ഉയരുന്നത്. പിആര്‍ഡിയില്‍ ഇപ്പോഴും തുടരുന്ന ഇടതുസ്വാധീനമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. 


സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പിന് കീഴില്‍ ന്യൂമീഡിയ വിഭാഗവും ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ഔദ്യോഗിക പേജുകളില്‍ പതിവായ അപ്ഡേറ്റുകള്‍ ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തീരുമാനങ്ങള്‍ എന്നിവ കൃത്യമായും സമയബന്ധിതമായും പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച തുടരുകയാണ്.


മുഖ്യമന്ത്രിയുടെ പ്രതിവാര വാര്‍ത്താസമ്മേളനങ്ങളും മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പ്രധാനമായും പേജുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനു പുറമെ മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ പരിമിതമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിക്കുന്ന അതേ പോസ്റ്ററുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഹാന്‍ഡിലുകളിലും പങ്കുവയ്ക്കുന്ന രീതിയാണ് സമീപകാലത്തും തുടരുന്നത്.


സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള അഞ്ചു മാസത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പേജുകളില്‍ പ്രസിദ്ധീകരിച്ചത് ഏകദേശം 75 പോസ്റ്ററുകള്‍ മാത്രമാണെന്നാണ് കണക്ക്. ഇതില്‍ 23 പോസ്റ്ററുകള്‍ പുതിയ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ശേഷിക്കുന്നവയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ള അറിയിപ്പുകളുമുണ്ട്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ പുരോഗതി, വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍, ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ക്രമബദ്ധമായ ആശയവിനിമയം പേജുകളില്‍ കാര്യമായി കാണാനില്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള പ്രധാന പൊതുജനസമ്പര്‍ക്ക സംവിധാനമാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. എന്നാല്‍ ഈ സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തെയും ജനങ്ങളുമായുള്ള ആശയവിനിമയത്തെയും ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്.


സിഎംഒ കേരളം എന്ന യുട്യൂബ് പേജില്‍ ഇപ്പോഴും പിണറായി വിജയന്‍ ആണ് മുഖ്യമന്ത്രി. അപ്‌ഡേഷനുകള്‍ ഒട്ടുംതന്നെ ഇല്ല. എല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വാര്‍ത്തകള്‍. 


ഐപിആര്‍ഡി ഡയറക്ടര്‍ക്കാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല. ഇതിനായി പ്രത്യേക വിഭാഗവും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെ പേജുകള്‍ സജീവമാക്കാന്‍ കഴിയാത്തത് വകുപ്പിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു. സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും നേട്ടങ്ങളും പൊതുജനങ്ങളിലെത്തിക്കേണ്ട സംവിധാനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Follow us on :

More in Related News