Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2026 20:06 IST
Share News :
കോട്ടയം: നെഹ്റു ട്രോഫി ജലമേളയ്ക്ക് കോട്ടയം ജില്ലയിൽനിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് പുന്നമടയിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. അവസാന ഘട്ടത്തിലേക്ക് കടന്ന അഞ്ച് ടീമുകളും മികച്ച പ്രതീക്ഷയിലാണ്. വർഷങ്ങളായി കോട്ടയം ജില്ലയ്ക്ക് നഷ്ടമായ നെഹ്റു ട്രോഫി കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള കഠിന പരിശീലനത്തിലാണ് ടീമുകൾ. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെറ്റിബിസി) പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെറ്റിബിസി ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് ജില്ലയിൽനിന്ന് മത്സരിക്കുന്ന വള്ളങ്ങൾ. ഇതിൽ രണ്ട് ചുണ്ടൻ വള്ളങ്ങൾ പുതുതായി നീരണിഞ്ഞവയാണ്.
കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെറ്റിബിസി)
നെഹ്റു ട്രോഫിയിൽ 2005, 2006, 2007 വർഷങ്ങളിൽ തുടർച്ചയായി ജേതാക്കളായി ഹാട്രിക് നേടിയിട്ടുള്ള ടീമാണ് കെറ്റിബിസി. ഈ വർഷം പത്തനംതിട്ട ജില്ലയിൽ നിന്നും പുതുതായി പണിതിറക്കിയ പുണ്യാളൻ നിരണം ചുണ്ടനിലാണ് ടീം തുഴയെറിയുക.. ക്യാപ്റ്റൻ റെന്നി ഫിലിപ്പോസ്. കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ് രണ്ടാം തവണയാണ് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീം ആദ്യ അവസരത്തിൽ തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഇടം നേടിയിരുന്നു. ഈ മാസം രണ്ടിന് നീരണിഞ്ഞ ആർപ്പൂക്കര ചുണ്ടനിലാണ് ഇത്തവണ ക്ലബ്ബ് മത്സരിക്കുക. ബൈജു മാതിരമ്പുഴയാണ് ക്യാപ്റ്റൻ. ഒന്നാം അമരത്ത് ജീഫി ഫിലിക്സും ഒന്നാം തുഴയെറിയുന്നത് അനുമോൻ കുമരകവുമാണ്. അനുജിത്ത് കൈനകരിയാണ് കോച്ച്.
നാട്ടകം ബോട്ട് ക്ലബ്ബ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്റു ട്രോഫി മത്സരത്തിനെത്തുന്നത്. 2004ൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് നെഹ്റുട്രോഫി നേടിക്കൊടുത്ത ചെറുതന ചുണ്ടനിലാണ് ഇത്തവണ നാട്ടകം ബോട്ട് ക്ലബ്ബ് മത്സരിക്കുന്നത്. ക്യാപ്റ്റൻ കോട്ടയം നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ. നാട്ടകം ഫാൻസ് ബോട്ട് ക്ലബ്ബ് നാട്ടകം ബോട്ട് ക്ലബ്ബുമായി സഹകരിച്ച് അഞ്ച് തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള ജവഹർ തായങ്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. ക്യാപ്റ്റൻ വി.വി. സന്തോഷ്. കെറ്റിബിസി ഫാൻസ് ക്ലബ്ബ് കുമരകം ഇതുവരെ നെഹ്റു ട്രോഫിയിൽ വിജയം നേടിയിട്ടില്ലാത്ത കരുവാറ്റാ ശ്രീവിനായകൻ ചുണ്ടനിലാണ് ഇത്തവണ മത്സരിക്കുന്നത്. ക്യാപ്റ്റൻ അനന്തു കാർത്തികേയൻ, ദേവസ്വംചിറ.
പരിശീലന തുഴച്ചിൽ പൂർത്തിയാക്കി എല്ലാ കളിവള്ളങ്ങളും കരയ്ക്ക് കയറ്റും. വള്ളപ്പുരകളിൽ പടങ്ങുകളിൽ കയറ്റി വെച്ച് വൈദ്യുതി യന്ത്രങ്ങൾ ഉപയോഗിച്ച് ഉണക്കും. തടിക്ക് കേടുകൂടാതെ വേണം ഉണക്കു കൊടുക്കാൻ. ഉണങ്ങിയതിനു ശേഷം പോളീഷ് ഉപയോഗിച്ച് പോളീഷ് ചെയ്യും. പൊളീഷ് ചെയ്യുന്നതിലൂടെ ഓരോ തുഴയെറിയുമ്പോഴും വള്ളം വെള്ളത്തിലുടെ തെന്നി പായും. മത്സരദിനം പുലർച്ചെ വീണ്ടും നീറ്റിലിറക്കി പുന്നമട ലക്ഷ്യമാക്കി അങ്കത്തിന് പുറപ്പെടും.
72-ാമത് നെഹ്റു ട്രോഫി ജലമേള ഉച്ച കഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.