Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെറുങ്കൈതക്കോട്ട മേക്കോട്ട താലപ്പൊലി മഹോത്സവം

02 Mar 2026 17:45 IST

PALLIKKARA

Share News :

വള്ളിക്കുന്ന്:മലബാറിലെ പ്രസിദ്ധമായ നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം

 മാർച്ച് നാല് മുതൽ ആറു വരെ തിയ്യതികളിലായി നടക്കും. മലബാറിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഉത്സവങ്ങളിൽ ഒന്നായ മേക്കോട്ട താലപ്പൊലിക്ക് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിവരുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാലിന് വൈകുന്നേരം അഞ്ചിന് ഗുരുതി തർപ്പണത്തോടെ ആഘോഷങ്ങൾ തുടങ്ങും. 6.30-ന് യൂണിവേഴ്സൽ കളരി സംഘം അവതരിപ്പിക്കുന്ന കളിപ്പയറ്റും തുടർന്ന് സാംസ്കാരിക സമ്മേളനവും നടക്കും. പുരാവസ്തു ഗവേഷണ വിഭാഗം മുൻ റീജിയണൽ ഡയറക്ടർ കെ.കെ. മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30-ന് പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന 'സോൾ ഓഫ് ഫോക്ക്' നാടൻപാട്ട് അരങ്ങേറും. രാത്രി 10-ന് വർണ്ണാഭമായ വെടിക്കെട്ട് നടക്കും.

​മാർച്ച് അഞ്ച് വ്യാഴാഴ്ച വൈകുന്നേരം ഗുരുതി തർപ്പണത്തിന് ശേഷം ക്ഷേത്രപ്പറമ്പിൽ 'സാമ്പിൾ വെടിക്കെട്ട്' നടക്കും. രാത്രി എഴിന് മാതൃസമിതിയുടെ മെഗാ തിരുവാതിരയും തുടർന്ന് നൃത്തസന്ധ്യയും അരങ്ങേറും.ഉത്സവത്തിന്റെ പ്രധാന ദിനമായ വെള്ളിയാഴ്ച പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് 2.30-ന് ചൊവ്വല്ലൂർ മോഹനൻ മാരാരുടെ പ്രമാണത്തിൽ 'ആൽത്തറ മേളവും' കാഴ്ചശീവേലിയും നടക്കും. വൈകുന്നേരം അഞ്ചിന് മഹാഗുരുതി നടക്കും. ​എഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാമൂതിരി രാജ പി.കെ.എസ്. കേരളവർമ്മ ഭദ്രദീപം തെളിയിക്കും. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ വെച്ച് മൂന്നാമത് ദേവി പുരസ്കാരവും അദ്ദേഹത്തിന് സമർപ്പിക്കും.​എട്ടിന് കാഞ്ഞിലശ്ശേരി വിനോദ് മാരാരും വിഷ്ണു കാഞ്ഞിലശ്ശേരിയും ചേർന്ന് അവതരിപ്പിക്കുന്ന 'ഡബിൾ തായമ്പക'യും, ആനന്ദ ഭൈരവ ശർമ്മ നയിക്കുന്ന 'ആനന്ദ സംഗീതവും' നടക്കും. രാത്രി 11.30-ഓടെ ഗജവീരൻ കൊളക്കാടൻ കുട്ടികൃഷ്ണൻ ഭഗവതിയുടെ തിടമ്പേറ്റി താലപ്പൊലി പറമ്പിലേക്ക് എഴുന്നള്ളുന്നു.തിരിച്ചൊഴുന്നള്ളത്തിനുശേഷം ഗംഭീര വെടിക്കെട്ടോടെ ഉത്സവത്തിന് സമാപനമാകും.വാർത്ത സമ്മേളനത്തിൽ പി. ഹൃഷികേശ് കുമാർ ( പ്രസിഡന്റ് ക്ഷേത്ര സംരക്ഷണ സമിതി),കൃഷ്ണകുമാർ വെട്ടിയാട്ടിൽ ( സെക്രട്ടറി ക്ഷേത്ര സംരക്ഷണ സമിതി),

പി.സി ബിജുരാജ് ( ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ),എ.പ്രഭകുമാർ ( പബ്ലിസിറ്റി ചെയർമാൻ),ബാബുരാജ് തറോൽ ( പബ്ലിസിറ്റി കൺവീനർ ),

പ്രീത് പുളിയശ്ശേരി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News