Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 18:38 IST
Share News :
കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധവും വംശീയവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ BIG TV അവതാരകയും മാധ്യമപ്രവർത്തകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹകീം കുമ്പള നൽകിയ പരാതിയിലാണ് നടപടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ ചർച്ചയ്ക്കിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായതെന്നാണ് പരാതി.
വിവാദത്തെ തുടർന്ന് അപർണ കുറുപ്പ് തനിക്ക് സൈബർ ആക്രമണവും വധഭീഷണിയും നേരിടുന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ചാനൽ വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിക്കുകയും ചെയ്തു.
അതേസമയം, അപർണയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ നേരത്തെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരുന്നു. ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും അപർണയ്ക്കെതിരെ കേസെടുക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അപർണ കുറുപ്പിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.