Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർണിവലുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നഗരസഭയ്ക്ക് ലഭിച്ച ഒരു ലക്ഷം രൂപ കൈവശം വെച്ചു എന്ന മാധ്യമവാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി

15 May 2024 20:54 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കഴിഞ്ഞവർഷം കൊണ്ടോട്ടിയിൽ നടന്ന കാർണിവലുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ലഭിച്ച ഒരു ലക്ഷം രൂപ കൈവശം വെച്ചു എന്ന മാധ്യമവാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി അറിയിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തിൽ കാർണിവൽ നടന്നു എന്നു പറയുന്നത് തന്നെ പൂർണ്ണമായും തെറ്റാണ്. നഗരസഭ ഒരു കാർണിവലും കഴിഞ്ഞവർഷം നടത്തിയിട്ടില്ല. ഒരു സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ അന്ന് നടന്ന കാർണിവലിന് അനുമതി ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചപ്പോൾ ഒരു പൊതുകാര്യത്തിന് ലാഭവിഹിതത്തിൽ നിന്ന് ഒരു തുക നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉദ്ദേശിച്ച സാമ്പത്തിക വിജയം ഇല്ലാതിരുന്നിട്ടും സംഘാടകർ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. നഗരസഭയിലെ പൊതുപ്രവർത്തകരുടെ അഭിപ്രായം മാനിച്ചുകൊണ്ട് ഈ തുക താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കാമെന്ന് ധാരണയായി. ആശുപത്രി വികസനസമിതി യോഗം ചേർന്ന് ആശുപത്രിയിലേക്ക് ആവശ്യമായ ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 16 ന് ഒരു ലക്ഷത്തി മൂവായിരം രൂപയുടെ ഉപകരണങ്ങൾ കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും യോഗം അവസാനിച്ചതിനുശേഷം ഒരു കൗൺസിലർ ഈ വിഷയം സ്വകാര്യമായി ചോദിക്കുകയാണുണ്ടായതെന്നും അവർ പറയുന്നു . അതല്ലാതെ കൗൺസിൽ യോഗത്തിൽ ഇതിന്റെ പേരിൽ ചർച്ചയോ സംസാരമോ ഉണ്ടായിട്ടില്ലെന്നും നഗരസഭാധ്യക്ഷ പത്രക്കുറിപ്പിൽ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നത് കൊണ്ടാണ് താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം നീളുന്നത്.

എന്നാൽ, ആശുപത്രി വികസന സമിതിയോഗത്തിൽ ഇത്തരം ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സമിതി അംഗങ്ങളായ ഇടതു നേതാക്കൾ പറയുന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗത്തിന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് അധ്യക്ഷ യു ഡി എഫ് നേതാക്കൾക്ക് പണം നൽകിയ കാര്യം അറിയിച്ചതെന്നും ഇടതുപക്ഷം പറയുന്നു. അതേ സമയം, സംഘാടക സമിതി നൽകിയ ഒരു ലക്ഷം രൂപ വികസന സമിതിയുമായി ബന്ധമില്ലാത്ത ഒരു പ്രമുഖ യു ഡി എഫ് നേതാവിനെ ഏൽപ്പിച്ചത് എന്തിനെന്ന ചോദ്യവും ബാക്കിയാവുന്നുണ്ട്.


ചിത്രത്തിൽ :- കഴിഞ്ഞ മാസം 16 ന് നഗരസഭാധ്യക്ഷയുടെ പേരിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ബില്ല്

Follow us on :

More in Related News