Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലീഗ് നൽകിയ പട്ടിക തള്ളി; ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം, മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫിനെച്ചൊല്ലി അമർഷം

12 Aug 2026 09:38 IST

NewsDelivery

Share News :

മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫ് നിയമനം വിവാദത്തിൽ; ലീഗിൽ അമർഷം, ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നിയമനത്തിൽ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിലേക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ എസ്.ഐ.ഒയുടെ മുൻ ജില്ലാ പ്രസിഡന്റിനെ നിയമിച്ചതിൽ മുസ്‌ലിം ലീഗിൽ അമർഷം. യൂത്ത് ലീഗും എം.എസ്.എഫും നൽകിയ പട്ടിക പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്ന വിമർശനമാണ് ഉയരുന്നത്. പോഷക സംഘടനകളുടെ പ്രാതിനിധ്യം അവഗണിച്ചെന്നും പ്രവർത്തകർക്ക് പകരം വെൽഫെയർ പാർട്ടി നേതാവിന് നിയമനം നൽകിയെന്നുമാണ് ആക്ഷേപം.

എസ്.ഐ.ഒ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അഷ്റഫിനെയാണ് മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമിച്ചത്. നിലവിൽ അഷ്റഫ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്.

നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. അഷ്റഫിന്റെ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും ലഭിച്ച ബയോഡാറ്റയുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. പദവിക്ക് അനുയോജ്യനെന്ന് തോന്നിയതിനാലാണ് നിയമനം നൽകിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


ലീഗ് നൽകിയ പട്ടികയിൽനിന്ന് ആരെയും പരിഗണിച്ചില്ലെന്ന് പരാതി

സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം നേരത്തെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുമെന്നും പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകുമെന്നും പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനായി പി.എം.എ. സലാമും റഷീദ് അലി തങ്ങളും ഉൾപ്പെടുന്ന സമിതിയെയും നിയോഗിച്ചിരുന്നു.

പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കളെയും പ്രവർത്തകരെയും പരിഗണിച്ച് സമിതി പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ ഈ പട്ടികയിൽനിന്ന് ഒരാളെപ്പോലും നിയമിച്ചില്ലെന്നാണ് ഇപ്പോഴുയരുന്ന പരാതി.

യൂത്ത് ലീഗിനും എം.എസ്.എഫിനും നിയമനത്തിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. ഇരുസംഘടനകളുടെയും പ്രാതിനിധ്യം അവഗണിച്ചെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യുവജന-വിദ്യാർഥി നേതാക്കൾ ഇതുസംബന്ധിച്ച് നേരത്തെ പരസ്യമായി പ്രതികരിച്ചതും വിവാദമായിരുന്നു.


കൊണ്ടോട്ടി മണ്ഡലം നേതൃത്വവും രംഗത്ത്

അഷ്റഫിന്റെ നിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം നേതൃത്വവും രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിനെ നേരിൽ കണ്ട് മണ്ഡലം കമ്മിറ്റി നിലപാട് അറിയിച്ചതായാണ് വിവരം.

കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് 18 പേരുടെ പട്ടിക നൽകിയിരുന്നു. എന്നാൽ പട്ടികയിൽനിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് മണ്ഡലം നേതൃത്വത്തിന്റെ പരാതി.

ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്ള വാവൂർ, മണ്ഡലം സെക്രട്ടറി ടി.പി. അഷ്റഫ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഫാഹിം അഹമ്മദ്, യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദലി വാഴയൂർ, നവാസ് വെട്ടുപാറ തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇതിനിടെയാണ് കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നുള്ള ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലമുള്ള കെ.കെ. അഷ്റഫിനെ മന്ത്രി സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നാണ് മണ്ഡലം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് പോഷക സംഘടനാ നേതാക്കൾ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ്. വിഷയം വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കൂടുതൽ ചർച്ചയായേക്കും.

Follow us on :

More in Related News