Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളെ ഒരുനോക്ക് കണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങി; മൂന്ന് ദിവസത്തിന് ശേഷം അച്ഛനെ ജീവനറ്റ നിലയിൽ കണ്ടെത്തി

12 Aug 2026 08:47 IST

NewsDelivery

Share News :

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കണ്ടു മടങ്ങിയ യുവാവിനെ ഡിസ്ചാർജ് ദിനത്തിൽ ആശുപത്രിക്ക് സമീപം ജീപ്പിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: അച്ഛനായതിന്റെ സന്തോഷത്തിന് വെറും മൂന്ന് ദിവസത്തെ ആയുസ്സ്. ശനിയാഴ്ച രാവിലെ പിറന്ന പെൺകുഞ്ഞിനെ ഒരുനോക്ക് കണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ കായക്കൊടി സ്വദേശി വിനുപ്രസാദ് (30)പിന്നീട് മകളെ കാണാൻ മടങ്ങിയെത്തിയില്ല. ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന വിനുവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിങ്കളാഴ്ച രാത്രിയിലും വിനുവുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ട് ലഭിക്കാതായതിനെ തുടർന്ന് അമ്മ ശോഭ ആശുപത്രിയിൽനിന്ന് റോഡിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം സുഹൃത്തിന്റെ ജീപ്പിനുള്ളിൽ വിനുവിനെ കണ്ടെത്തി. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ അനുസ്മയയെ കഴിഞ്ഞമാസം 27-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. അന്നുമുതൽ ആശുപത്രിക്ക് പുറത്തുള്ള വഴിയരികിൽ സുഹൃത്ത് സജിത്തിന്റെ ജീപ്പിലായിരുന്നു വിനുവിന്റെ താമസം. ഭക്ഷണവും ഉറക്കവുമെല്ലാം ജീപ്പിനുള്ളിൽ തന്നെയായിരുന്നു. ഭാര്യയ്ക്കും കുഞ്ഞിനും ആവശ്യമായ മരുന്നുകൾ എത്തിച്ചുനൽകിയ ശേഷവും ആശുപത്രിക്ക് സമീപം കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ച അനുസ്മയ പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ഒരുനോക്ക് കണ്ടശേഷം വിനു വീണ്ടും ജീപ്പിലേക്ക് മടങ്ങി. കുഞ്ഞിന് നേരിയ മഞ്ഞപ്പിത്തം കണ്ടെത്തിയതിനെ തുടർന്ന് രണ്ടുദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ചു. ചൊവ്വാഴ്ച അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് വിനു മരിച്ചത്.

അച്ഛന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു വിനുവിന്റെ സുഹൃത്തും നാട്ടുകാരനുമായ സജിത്ത്. ജീപ്പിന്റെ പിൻഭാഗത്ത് തലയണയ്ക്കു സമീപം വിനുവിന്റെ ഛർദിയുടെ അവശിഷ്ടം കണ്ടിരുന്നതായി സജിത്ത് പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ഹിസ്റ്റോപത്തോളജി പരിശോധനയ്ക്ക് അയച്ചതായി ഫൊറൻസിക് വിഭാഗം ഡോക്ടർ പ്രജിത്ത് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അനുസ്മയ കുഞ്ഞുമായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്. അപ്പോഴും ഭർത്താവിന്റെ മരണവിവരം അവർ അറിഞ്ഞിരുന്നില്ല. വീട്ടിലേക്ക് മടങ്ങേണ്ട യാത്രയിൽ കൂടെയുണ്ടാകേണ്ടിയിരുന്ന വിനു അവർക്കൊപ്പമുണ്ടായിരുന്നില്ല.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കായക്കൊടി ഗ്രൗണ്ടിലും കുറ്റ്യാടി പഴയ സ്റ്റാൻഡിലും പൊതുദർശനത്തിന് വെച്ചു. വിനുവിന്റെ അച്ഛൻ മനോജൻ, സഹോദരൻ മനുപ്രസാദ്.

Follow us on :

More in Related News