Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുവ ഗവ. ഹൈസ്കൂളിൽ ‘കലാ കളരി’ ആർട്ട് ലാബിന് തുടക്കം

11 Aug 2026 19:58 IST

Jithu Vijay

Share News :

പരപ്പനങ്ങാടി: പൊതുവിദ്യാഭ്യാസ മേഖലയിലെ കലാപഠനത്തിന് പുതിയ ദിശാബോധം നൽകുന്ന മാതൃകാപരമായ സംരംഭമായി പരപ്പനങ്ങാടി നഗരസഭയിലെ നെടുവ ഗവ. ഹൈസ്കൂളിൽ 'കലാ കളരി' ആർട്ട് ലാബ് പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലയിലെ ആദ്യ ആർട്ട് ലാബിൻ്റെ ഉദ്ഘാടനം തിരൂരങ്ങാടി എം.എൽ.എ. പി.എം.എ. സമീർ നിർവഹിച്ചു.


വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക, സർഗാത്മകതയും ഭാവനയും വളർത്തുക, ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ, ശിൽപകല തുടങ്ങിയ വിവിധ കലാരൂപങ്ങളിൽ പ്രായോഗിക പരിശീലനം നൽകുക, കലാപഠനത്തിനാവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുക എന്നിവയാണ് ആർട്ട് ലാബിന്റെ പ്രധാന ലക്ഷ്യങ്ങൾ. പഠനത്തിനൊപ്പം കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് കലാപരമായ ഇടപെടലുകൾ അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് 'കലാ കളരി' രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ആർട്ട് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച എം.എൽ.എ പി.എം.എ. സമീർ, പദ്ധതിക്ക് നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ, എസ്.എം.സി ഭാരവാഹികളെയും അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇത്തരം നൂതന ആശയങ്ങൾ കൂടുതൽ വ്യാപിക്കണമെന്നും വിദ്യാലയങ്ങൾ സമൂഹത്തിന് പ്രചോദനമാകുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.


സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയ പ്രോജക്ട് റിപ്പോർട്ട് സ്കൂൾ പ്രധാനാധ്യാപിക കെ.കെ. സിന്ധു എം.എൽ.എയ്ക്ക് കൈമാറി.


പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി. സുബൈദ ടീച്ചർ, വൈസ് ചെയർമാൻ കെ. ഷമീം നഹ, ഡിവിഷൻ കൗൺസിലർ മഞ്ജുഷ പ്രലോഷ്, കൗൺസിലർ ജംഷി, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരായ പി.എസ്.എച്ച്. തങ്ങൾ, സുചിത്രൻ, ഹമീദ് ചെട്ടിപ്പടി, പി.ടി.എ പ്രസിഡന്റ് ആർ. കൃഷ്ണപ്രിയ, വൈസ് പ്രസിഡന്റ് പി. മുനീർ ബാബു, എം.പി.ടി.എ പ്രസിഡന്റ് വിജിഷ, എസ്.എം.സി ചെയർമാൻ ദിലീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പി.ടി.എ, എസ്.എം.സി കമ്മിറ്റി അംഗങ്ങളായ മനോജ് കുമാർ ബി., കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ടി. സമജ്, എ.വി. ജിത്തു വിജയ്, രജനി സന്തോഷ്, രശ്മി ആർ. മോനോൻ, അമ്പിളി, ശ്രീവിദ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


ആർട്ട് ലാബ് യാഥാർഥ്യമാക്കുന്നതിന് ചിത്രകലാ അധ്യാപകൻ സന്തോഷ് കെ. നേതൃത്വം നൽകി. അധ്യാപകരായ രഘുനാഥൻ കൊളത്തൂർ, എം.ടി. നജീബ്, ബിനോയ് കുമാർ, ബുഷ്യർ കെ., മനീഷ് കെ.പി., പ്രബിത കെ.ടി., ദിവ്യ പി., ഫഹദ്, സ്റ്റാഫ് സെക്രട്ടറി പി. ശ്രീദിവ്യ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


കലാപഠനത്തെ ക്ലാസ് മുറികൾക്കപ്പുറം അനുഭവാധിഷ്ഠിതവും സജീവവുമായ പഠനപ്രക്രിയയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'കലാ കളരി' പൊതുവിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ മാതൃകയായി മാറുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

Follow us on :

More in Related News