Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 07:47 IST
Share News :
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചു. കഴുത്തിൽ ചങ്ങലയുമായി ആറു കിലോമീറ്റർ നടന്ന് പോലീസ് സ്റ്റേഷനിലെത്തിയ മംഗീബായ് തൻവാറിന്റെ കഥയാണ് ഇപ്പോൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത്.
ജൂൺ 10-ന് മദ്യപിച്ചെത്തിയ ഭർത്താവ് സർദാർ സിങ് തൻവാർ ഭാര്യയെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഇയാൾ പിടികൂടി തിരികെ കൊണ്ടുവന്ന് കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിനുള്ളിലെ തൂണിൽ പൂട്ടിയിടുകയായിരുന്നു.
ഇതോടെ അവസാനിക്കാതെ, ഗ്യാസ് സ്റ്റൗവിൽ പഴുപ്പിച്ച ഇരുമ്പ് വടി ഉപയോഗിച്ച് യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളലേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഏകദേശം 24 മണിക്കൂറോളം യുവതിയെ ചങ്ങലയ്ക്കിട്ട് വീട്ടിൽ ബന്ദിയാക്കിയ നിലയിലായിരുന്നു.
പഞ്ചായത്ത് വിളിച്ചുകൂട്ടി ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിനായി ഭർത്താവ് പുറത്തുപോയ സമയത്താണ് മംഗീബായ് രക്ഷപ്പെടാൻ തീരുമാനിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു കല്ല് ഉപയോഗിച്ച് ചങ്ങലയിലെ പൂട്ട് തകർത്തെങ്കിലും കഴുത്തിൽ കുടുങ്ങിയ ചങ്ങല നീക്കം ചെയ്യാൻ കഴിഞ്ഞില്ല.
തുടർന്ന് ഇരുട്ടിൽ പാടങ്ങളിലൂടെയും മുള്ളുകൾ നിറഞ്ഞ വഴികളിലൂടെയും ആറു കിലോമീറ്റർ സഞ്ചരിച്ചാണ് അവർ ഖിൽച്ചിപ്പൂർ പോലീസ് സ്റ്റേഷനിലെത്തിയത്. വഴിയിൽ കണ്ട പലരും കഴുത്തിലെ ചങ്ങല കണ്ട് അവരെ അവഗണിച്ചെങ്കിലും ഒരാൾ ഭക്ഷണം നൽകി സഹായിച്ചതായി റിപ്പോർട്ടുണ്ട്.
രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. ഉടൻ ചങ്ങല നീക്കം ചെയ്ത് ആശുപത്രിയിലെത്തിച്ച യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഖിൽച്ചിപ്പൂർ പോലീസ് പ്രതിയായ സർദാർ സിങ് തൻവാറിനെ അറസ്റ്റ് ചെയ്തു. യുവതിയെ ബന്ധിക്കാൻ ഉപയോഗിച്ച അതേ ചങ്ങല കേസിലെ പ്രധാന തെളിവായി കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
Follow us on :
Tags:
More in Related News
Please select your location.