Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന് കേസ്; തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

16 Jun 2026 11:12 IST

NewsDelivery

Share News :

ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസ്; തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ്കുമാർ (47) ആണ് മലപ്പുറം വിജിലൻസിന്റെ പിടിയിലായത്.

തിരൂർ നഗരസഭാ പരിധിയിൽ കന്മനം സ്വദേശിയൊരാൾ ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. നേരത്തെ ഇതേ കേസിൽ തിരൂർ നഗരസഭയിലെ താത്കാലിക വാച്ച്മാൻ ഷിഹാബുദ്ദീനും ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷും അറസ്റ്റിലായിരുന്നു.

തുടർ അന്വേഷണത്തിലാണ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ ജി.വി. വിനോദ്കുമാറിന്റെ പങ്ക് വ്യക്തമായത്. സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനായി പരാതിക്കാരനിൽ നിന്ന് 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ജി.വി. വിനോദ്കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അറിയിച്ചു.

Follow us on :

More in Related News