Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 07:57 IST
Share News :
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻ സിദ് ആണ് മരിച്ചത്. വിഞ്ജുഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽത്തന്നെയുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് 12.45ഓടെ മുണ്ടക്കുളത്തെ സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കിണറ്റിൽ ഇരുവരെയും കണ്ടെത്തി.
കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഞ്ജുഷയെ കണ്ടെത്തിയത്. കുഞ്ഞിനെ കൈയിലേന്തി കിണറിന്റെ പടവിൽ പിടിച്ച് പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു യുവതി.
നാട്ടുകാർ ഇരുവരെയും കിണറ്റിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാസൂചനയുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വിഞ്ജുഷയുടെ പേരിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.