Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകരയിൽ കുത്തേറ്റ MDMA കേസ് പ്രതി കീർത്തനയുടെ നില ഗുരുതരം; ജീവിതപങ്കാളി കസ്റ്റഡിയിൽ

27 Sep 2026 06:15 IST

NewsDelivery

Share News :

ശരീരത്തിൽ അഞ്ച് കുത്തുകൾ; കഴുത്തിൽ ആഴത്തിലുള്ള മുറിവ്, വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: കത്തിക്കുത്തേറ്റ് പരിക്കേറ്റ വടകര MDMA കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കീർത്തന. ആക്രമണവുമായി ബന്ധപ്പെട്ട് ഇവരുടെ ജീവിതപങ്കാളി പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷ് (38) പോലീസ് കസ്റ്റഡിയിലാണ്.

MDMA കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം.

സ്റ്റേഷന് സമീപം ആക്രമണം

വടകര പോലീസ് സ്റ്റേഷനിലെ വനിതാ സെല്ലിന് സമീപം എത്തിയപ്പോഴാണ് ജനീഷ് കീർത്തനയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രധാന റോഡിലേക്ക് എത്തുന്നതിന് സമീപത്തുവെച്ച് ഇയാൾ ചാടിവീണ് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കീർത്തനയുടെ നിലവിളി കേട്ട് സ്റ്റേഷനിൽനിന്ന് പോലീസുകാർ ഓടിയെത്തിയപ്പോഴേക്കും യുവതി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ശരീരത്തിൽ അഞ്ച് കുത്തുകളേറ്റതായി പോലീസ് അറിയിച്ചു. കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്.

ആദ്യം വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

'കുടുംബപ്രശ്‌നങ്ങളാണ് കാരണം'

കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും MDMA കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ജനീഷ് മൊഴി നൽകിയതായി പോലീസ് പറയുന്നു. ജനീഷും കീർത്തനയും ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നുവെന്നും ഏകദേശം രണ്ടുവർഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. MDMA കേസിൽ കീർത്തന അറസ്റ്റിലാകുന്നതുവരെ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് കീർത്തന ജയിൽ മോചിതയായതിന് ശേഷം ഇരുവരും അകന്നതായി പോലീസ് പറയുന്നു.

കീർത്തനയ്ക്ക് പ്രദേശത്ത് സഹായത്തിനായി ഒരു സംഘം ഉണ്ടെന്നും ഇവർ ജനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജനീഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

വടകര MDMA കേസ്: നാലാം പ്രതിക്ക് ജാമ്യം

വടകര MDMA കേസിലെ പ്രതി

ജൂലൈയിൽ വടകരയിൽ രജിസ്റ്റർ ചെയ്ത MDMA കേസിൽ പേരാമ്പ്ര BRCയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരുൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെടുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തിയെന്നാണ് കേസ് രേഖകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്കും പിന്നീട് മൂന്നാം പ്രതിയായ കാവ്യയ്ക്കും ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്.

അറസ്റ്റിന് പിന്നാലെ കീർത്തന ഉൾപ്പെടെയുള്ള പ്രതികളെ ജോലിയിൽനിന്ന് BRC പിരിച്ചുവിട്ടിരുന്നു.

Follow us on :

More in Related News