Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 14:54 IST
Share News :
തിരൂരങ്ങാടി : നഗരസഭയിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി. ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിലാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
നഗരസഭയിലെ ഉദ്യോഗസ്ഥർ ജോലിക്കെത്തുന്ന സമയത്ത് തന്നെയാണ് സമരക്കാർ പ്ലക്കാർഡുകളും സർട്ടിഫിക്കറ്റുകളുമായി നഗരസഭയ്ക്ക് മുന്നിലെത്തിയത്. ‘വിൽക്കാനുണ്ട് പെർമിറ്റുകൾ’, ‘വിൽക്കാനുണ്ട് ജനന–മരണ സർട്ടിഫിക്കറ്റുകൾ’, ‘വിൽക്കാനുണ്ട് ഹെൽത്ത് കാർഡ്’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ ബാസ്കറ്റിലാക്കി ‘വിൽപ്പന’ നടത്തുന്നതായി പ്രതീകാത്മക പ്രതിഷേധവും സംഘടിപ്പിച്ചു.
നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സംഭവവും ജനന–മരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്കേട് ആരോപണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിലായ സംഭവം നഗരസഭയിലെ സേവന സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനന–മരണ രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, ഹെൽത്ത് വിഭാഗത്തിലെ വിവിധ അനുമതികൾ തുടങ്ങിയ സേവനങ്ങൾ അഴിമതിയില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി.ഒ. ഷമീം ഹംസ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൂസ ജാറത്തിങ്ങൽ, സാദിഖ് തെയ്യാല, ബക്കർ കുണ്ടുപുഴക്കൽ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട്, അക്ബർ കൊടിഞ്ഞി, പവിത്രൻ,സവാദ്, ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നഗരസഭയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും സർക്കാർ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ തുടരുന്ന സാഹചര്യത്തിൽ, പോലീസിനെ കൊണ്ടും, തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ടും സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതീകാത്മകമായി ‘സർട്ടിഫിക്കറ്റ് വിൽപ്പന’ നടത്തിയുള്ള പ്രതിഷേധം നഗരസഭയിലെത്തിയ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകർഷിച്ചു.
Follow us on :
Tags:
More in Related News
Please select your location.