Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 21:41 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിലെ ഗുരുതരമായ വീഴ്ചകളും മഴക്കാലത്ത് ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.പഞ്ചായത്തിലെ പല പ്രദേശങ്ങളിലും മാലിന്യം കലർന്ന കുടിവെള്ളം വിതരണം ചെയ്യപ്പെടുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരിക്കുകയാണ്.ഇത് മൂലം ഷിഗല്ല,എലിപ്പനി,ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പടരാനുള്ള സാഹചര്യം നിലനിൽക്കുന്നു.ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിന് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു.അതോടൊപ്പം,പഞ്ചായത്തിലെ നിരവധി റോഡുകൾ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.മഴ ശക്തമായതോടെ റോഡുകളിലെ കുഴികളും തകർച്ചകളും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.വിദ്യാർത്ഥികൾ,തൊഴിലാളികൾ,വയോജനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.അതിനാൽ തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമ്മിച്ച് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.മഴക്കാലം ആരംഭിച്ചിട്ടും പല പ്രദേശങ്ങളിലുമുള്ള മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായി നടപ്പിലാക്കാത്തത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഓടകൾ,കാനകൾ,പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയും രോഗവ്യാപനം തടയുകയും ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് സമരത്തിൽ ചൂണ്ടിക്കാട്ടി.ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടൽ നടത്തണമെന്നും,ശുദ്ധമായ കുടിവെള്ളം,സഞ്ചാരയോഗ്യമായ റോഡുകൾ,ഫലപ്രദമായ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.കെ.വി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ റാഹില വഹാബ്,എം.എസ്.പ്രകാശൻ,എ.കെ.മുനീർ,ഷെജീറ ഷാഹിർ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി എൻ.എം.ലത്തീഫ് സ്വാഗതവും,പി.എച്ച്.മെഹ്റൂഫ് നന്ദിയും പറഞ്ഞു.തുടർന്ന് ഇതിനൊരു അടിയന്തിര തീർവ് കാണണമെന്നാവശ്യപ്പെട്ട് എൽസി മെമ്പർമാരും,ബ്രാഞ്ച് സെക്രട്ടറിമാരും,നേതാക്കമാരും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
Follow us on :
Tags:
More in Related News
Please select your location.