Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 22:58 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ ഓർഡിനറി വിഭാഗത്തിൽപ്പെടുന്ന ഏഴ് സബ് ക്ലാസ് ബസ് സർവീസുകളിൽ സ്ത്രീകൾക്ക് പൂർണമായും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.
പദ്ധതിയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ, സൗജന്യ യാത്ര അനുവദിക്കുന്ന ബസ് വിഭാഗങ്ങളുടെ ഔദ്യോഗിക പട്ടിക കെഎസ്ആർടിസി പുറത്തിറക്കി. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക.
സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരുമാനപരിധിയോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.
യാത്രക്കാരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിനായി യാത്രയ്ക്കിടെ 'സീറോ ടിക്കറ്റ്' നൽകും. ഇതിലൂടെ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം വിലയിരുത്താനും ഭാവി നയരൂപീകരണത്തിനും സഹായകമാകും.
തിരുവനന്തപുരം (687), കൊല്ലം (415), എറണാകുളം (325), ആലപ്പുഴ (227), കണ്ണൂർ (205), വയനാട് (172), കോഴിക്കോട് (156) ഉൾപ്പെടെ സംസ്ഥാനത്താകെ ആയിരക്കണക്കിന് ഓർഡിനറി സർവീസുകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഇതിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് വനിതാ യാത്രക്കാർക്ക് നേരിട്ട് ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനും കുടുംബങ്ങളുടെ പ്രതിമാസ യാത്രാചെലവ് കുറയ്ക്കാനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് 'പ്രിയദർശിനി' പദ്ധതി വിലയിരുത്തപ്പെടുന്നത്. പൊതുഗതാഗതത്തിലൂടെ സ്ത്രീ സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക നീക്കമായും ഇത് കാണപ്പെടുന്നു.
Follow us on :
More in Related News
Please select your location.