Tue Dec 12, 2023 10:56 PM 1ST

Sign In

മെട്രൊപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ ‘കൊച്ചിൻ കാർണിവൽ 2027’ ജനുവരി 15-ന്

28 Nov 2026 23:22 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മെട്രൊപൊളിറ്റൻസ് എറണാകുളം – ഒമാൻ ചാപ്റ്ററിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കൊച്ചിൻ കാർണിവൽ 2027’ എന്ന പേരിൽ മെഗാ കലാവിരുന്ന് സംഘടിപ്പിക്കുന്നു. 2027 ജനുവരി 15 വെള്ളിയാഴ്ച റൂവിയിലെ അൽഫലാജ് ഗ്രാൻഡ് സ്ഫിയർ ഹാളിലാണ് പരിപാടി. കേരള ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹികനീതി, കുഫോസ് വകുപ്പ് മന്ത്രിയും കളമശ്ശേരി എം.എൽ.എയുമായ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പ്രവാസി മലയാളികൾക്കായി സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കിയ കലാവിരുന്നാണ് സംഘാടകർ ഒരുക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ ഗായകരും കലാകാരന്മാരും ഹാസ്യതാരങ്ങളും ഒമാനിലെ പ്രാദേശിക കലാപ്രതിഭകളും പരിപാടിയിൽ അണിനിരക്കും. കെ.എസ്. പ്രസാദ് പ്രോഗ്രാം ഡയറക്ടറായി നേതൃത്വം നൽകുന്ന ഷോയിൽ കൗശിക്, റഫീക് റഹ്മാൻ, ചിത്ര അരുൺ, വൈഗ എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കും. സ്റ്റാൻഡ് അപ്പ് കോമഡിയുമായി സുമേഷ് ചന്ദ്രനും ഡബ്ബിങ് രംഗത്തെ പ്രമുഖനായ ജയദേവ് കലവൂരും വേദിയിലെത്തും.

മസ്കറ്റിലെ സംഗീതപ്രേമികൾക്ക് സുപരിചിതനും സംഘടനാംഗവുമായ ജെറിയുടെ നേതൃത്വത്തിലുള്ള ‘ഹാഫ്‌നോട്ട് ഓർക്കസ്ട്ര’യുടെ സംഗീത പ്രകടനവും നാട്ടിലെയും പ്രവാസലോകത്തെയും കലാകാരന്മാർ ഒന്നിക്കുന്ന വിവിധ കലാപരിപാടികളും കാർണിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സംഘടനയാണ് മെട്രൊപൊളിറ്റൻസ് എറണാകുളം – ഒമാൻ ചാപ്റ്റർ. ഒമാനിലെ നിയമങ്ങളും നിർദേശങ്ങളും പാലിച്ച് പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം കേരളത്തിലും പ്രത്യേകിച്ച് എറണാകുളം ജില്ലയിലും അർഹരായ ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്.

പ്രമുഖ വ്യാവസായിക സ്ഥാപനമായ സഹ്ബാൻ യുണൈറ്റഡ് എൽ.എൽ.സിയാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. കാർണിവലിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒമാനിലെ മലയാളി സമൂഹത്തിന്റെയും മാധ്യമ സുഹൃത്തുക്കളുടെയും സഹകരണവും പങ്കാളിത്തവും സംഘാടകസമിതി അഭ്യർത്ഥിച്ചു.

Follow us on :

More in Related News