Tue Dec 12, 2023 10:56 PM 1ST

Sign In

റുവി കപ്പ് സീസൺ 4: ലയൺസ് മസ്‌കറ്റിന് കിരീടം

28 Nov 2026 20:56 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഫ്രണ്ട്സ് ഓഫ് റുവിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റുവി കപ്പ് സീസൺ 4 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ലയൺസ് മസ്‌കറ്റ് എഫ്‌സി ജേതാക്കളായി. നവംബർ 27ന് വെള്ളിയാഴ്ച ദാർസൈത്തിലെ അൽ സാഹിൽ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ ടോപ് ടെൻ ബർക്ക ഫുട്ബോൾ ക്ലബ്ബിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തിയാണ് ലയൺസ് മസ്‌കറ്റ് കിരീടം സ്വന്തമാക്കിയത്.

12 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക ഫുട്ബോൾ ക്ലബ് രണ്ടാം സ്ഥാനവും യുണൈറ്റഡ് കാർഗോ മൂന്നാം സ്ഥാനവും യുണൈറ്റഡ് കേരള എഫ്‌സി നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച താരമായി ടോപ് ടെൻ ബർക്കയുടെ സ്‌ട്രൈക്കർ നിഷാമിനെ തിരഞ്ഞെടുത്തു. ഗോവ എഫ്‌സിയുടെ അവിനാഷ് ടോപ് സ്കോറർ പുരസ്കാരവും ലയൺസ് മസ്‌കറ്റിന്റെ ബാസിൽ മികച്ച ഗോൾകീപ്പർ പുരസ്കാരവും സ്വന്തമാക്കി. മികച്ച ഡിഫൻഡറായി ലയൺസ് മസ്‌കറ്റിന്റെ ഇർഫാൻ അലി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ നിർണായക സേവുകളിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ബാസിലാണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

നാല് ഗ്രൂപ്പുകളിലായി നടന്ന പ്രാഥമിക മത്സരങ്ങൾക്കും നോക്കൗട്ട് ഘട്ടങ്ങൾക്കും ശേഷമാണ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചത്. കെഎംഎഫ്എയുടെ പിന്തുണയോടെയും നിയമാവലികൾ പാലിച്ചുമായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. തനിഷ്‌ക് മുഖ്യ പ്രായോജകരായപ്പോൾ ഫാൽക്കൺ പ്രിന്റേഴ്‌സും മർവ ഗ്രൂപ്പും സഹപ്രായോജകരായി.

ടൂർണമെന്റിന്റെ ഭാഗമായി കുട്ടികൾക്കായി 'ഫ്യൂച്ചർ ഐക്കൺസ്' പരിപാടിയും വെറ്ററൻസ് സൗഹൃദ മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ സമ്മാനിച്ചു.

വൈകിട്ട് നാലിന് ആരംഭിച്ച മത്സരങ്ങൾ മികച്ച ജനപങ്കാളിത്തത്തോടെ രാത്രി 12 മണിയോടെയാണ് സമാപിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കും സ്പോൺസർമാർക്കും മത്സരങ്ങൾക്ക് തുടക്കം മുതൽ പിന്തുണ നൽകിയ കാണികൾക്കും ഫ്രണ്ട്സ് ഓഫ് റുവി ഭാരവാഹികളായ സുബിൻ, സന്തോഷ് നിർമ്മലൻ, ഹരിദാസ്, സുരേഷ് എന്നിവർ നന്ദി അറിയിച്ചു.

Follow us on :

More in Related News