Tue Dec 12, 2023 10:56 PM 1ST

Sign In

അതിജീവനത്തിന്റെ കരുത്തുമായി ‘ഷീ-ക്യാൻ’3.0; ആസ്റ്റർ മിംസിൽ അർബുദ ചികിത്സയിൽ വിജയകരമായി 300 റോബോട്ടിക് ശസ്ത്രക്രിയ പൂർത്തീകരിച്ചു

29 Nov 2026 06:56 IST

NewsDelivery

Share News :

അർബുദത്തെ അതിജീവിച്ച സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും നേരത്തെയുള്ള രോഗനിർണയത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുമായി കോഴിക്കോട് ആസ്റ്റർ മിംസ് പ്രഖ്യാപിച്ച പദ്ധതിയാണ് ഷീ-ക്യാൻ 3.0.

കോഴിക്കോട്: അർബുദത്തെ അതിജീവിച്ച സ്ത്രീകൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്നതിനും അർബുദ പ്രതിരോധ ബോധവൽക്കരണം ശക്തമാക്കുന്നതിനുമായി കോഴിക്കോട് ആസ്റ്റർ മിംസിൽ ‘ഷീ-ക്യാൻ 3.0’ പദ്ധതി പ്രഖ്യാപിച്ചു. അർബുദ ചികിത്സാരംഗത്ത് 300 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കാൻസർ അതിജീവിതരുടെ ഒത്തുചേരലും ചടങ്ങിന്റെ ഭാഗമായി നടന്നു.

സോഷ്യൽ മീഡിയയിലൂടെ സ്വന്തം രോഗാവസ്ഥയും കുടുംബത്തിന്റെ അതിജീവന അനുഭവങ്ങളും പങ്കുവെച്ച് ശ്രദ്ധേയയായ ഡോ. താരാ വി. കളരിയ്ക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. അർബുദം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമല്ലെന്നും പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും പുതിയ അധ്യായമാണെന്നും അവർ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഭയവുമാണ് പലപ്പോഴും സ്ത്രീകളെ ചികിത്സ വൈകിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

300 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് അർബുദ ശസ്ത്രക്രിയകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ഭയവും ആശങ്കകളും മാറ്റാൻ കഴിഞ്ഞതിന്റെ തെളിവാണെന്ന് ആസ്റ്റർ മിംസ് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.വി. ഗംഗാധരൻ പറഞ്ഞു.

ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അർബുദ കോശങ്ങളും ട്യൂമറുകളും കണ്ടെത്തി രോഗബാധിതമായ ഭാഗങ്ങൾ മാത്രം നീക്കം ചെയ്യുന്നതിലൂടെ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ജീവിതനിലവാരത്തിനും പ്രാധാന്യം നൽകാൻ കഴിയുന്നുണ്ടെന്ന് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലിം വി.പി. പറഞ്ഞു. രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്കും തൊഴിലിലേക്കും മടങ്ങാൻ ഇത്തരം ചികിത്സാരീതികൾ സഹായിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കാൽനൂറ്റാണ്ടായി ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധ ചികിത്സയുടെയും പ്രയോജനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ആസ്റ്റർ മിംസ് മുൻപന്തിയിലാണെന്ന് സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ‘ഷീ-ക്യാൻ’ പോലുള്ള പദ്ധതികളിലൂടെ നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഭയമില്ലാതെ ചികിത്സ തേടാൻ പ്രചോദനം നൽകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി, ഹെമറ്റോളജി, റേഡിയേഷൻ ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരും ചടങ്ങിന് നേതൃത്വം നൽകി.

ഫോട്ടോ : കോഴിക്കോട് ആസ്റ്റർ മിംസ് അർബുദത്തെ അതിജീവിച്ച സ്ത്രീകൾക്കായി ആവിഷ്കരിച്ച ‘ഷീ-ക്യാൻ 3.0’ പദ്ധതി ഡോ. താരാ വി. കളരിയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News