Tue Dec 12, 2023 10:56 PM 1ST

Sign In

കടുത്തുരുത്തി വൈക്കം മണ്ഡലങ്ങളിൽ കുടിവെള്ള വിതരണം തടസ്സം കൂടാതെ നടപ്പാക്കാൻ ആവിഷ്കരിച്ച മേവെള്ളൂർ ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

20 Nov 2026 19:42 IST

SUNITHA MEGAS

Share News :

:കടുത്തുരുത്തി: കേരള വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ്റെ കീഴിലുള്ള മേവെള്ളൂർ 45 എം.എൽ.ഡി (MLD) കുടിവെള്ള ശുദ്ധീകരണശാലയിലേക്ക് കെ.എസ്.ഇ.ബി സ്ഥാപിച്ച പ്രത്യേക ഡെഡിക്കേറ്റഡ് ഫീഡർ ലൈനിന്റെ ചാർജ്ജിംഗും ഉദ്ഘാടനവും സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു.

വിവിധ കാരണങ്ങളാൽ പലപ്പോഴായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം കൃത്യമായി ജലവിതരണം നടത്താൻ കഴിയാതെ കാലങ്ങളായി നിലനിന്നിരുന്ന പരാതി പരിഹരിക്കുന്നതിന് വേണ്ടിയാണ് കേരള വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബി യും ചേർന്ന് സംയുക്ത പദ്ധതിക്ക് രൂപം നൽകിയത് . 

വൈക്കം മുനിസിപ്പാലിറ്റിയിലും കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി. പുരം, തലയാഴം, വെച്ചൂർ, കുറവിലങ്ങാട് എന്നീ 15 പഞ്ചായത്തുകളിലുമായി ഏകദേശം 80,000 കുടുംബങ്ങളിലേക്കാണ് മേവെള്ളൂർ പ്ലാന്റിൽ നിന്നും കുടിവെള്ളം വിതരണം ചെയ്തുവരുന്നത്.

ഈ പ്രദേശങ്ങളിലെല്ലാം ജലവിതരണം നടത്തുന്നതിനും വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ച വികസന പദ്ധതി നടപ്പാക്കാൻ 1.66 കോടി രൂപ കേരള വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബി യിലേക്ക് ഡെപ്പോസിറ്റ് ചെയ്തതിനെ തുടർന്നാണ് പദ്ധതി നിർവഹണത്തിന് സാധ്യതയുണ്ടായത്. യുഡിഎഫ് സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പരമാവധി വേഗത്തിൽ മേവള്ളൂർ ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ കമ്മീഷൻ ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. 

 കെ.എസ്.ഇ.ബി 110 കെ.വി പിറവം സബ് സ്റ്റേഷന്റെ പരിധിയിലുള്ള കളമ്പുകാവ് ശുദ്ധീകരണശാലയുടെ ഭൂഗർഭ കേബിൾ (UG Cable) ഫീഡർ ലൈനിൽ നിന്നും ടാപ്പ് ചെയ്താണ് മേവെള്ളൂർ ശുദ്ധീകരണശാലയിലേക്ക് പുതിയ ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ സ്ഥാപിച്ചത്. മൂവാറ്റുപുഴയാറിന് കുറുകെ ഇരു കരകളിലും ടവറുകൾ സ്ഥാപിച്ച് 150 മീറ്ററോളം കവേർഡ് കണ്ടക്ടറും 800 മീറ്ററോളം ഭൂഗർഭ കേബിളും സ്ഥാപിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ശബരിമല മണ്ഡലകാലം, വൈക്കത്തഷ്ടമി , ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സമാഗതമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈദ്യുതി തടസ്സം കൂടാതെ തുടർച്ചയായി പമ്പിങ് നടത്തി കുടിവെള്ള വിതരണം സുഗമമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

വൈക്കം - കടുത്തുരുത്തി അസംബ്ലി മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിലും എല്ലാ ഭവനങ്ങളിലും മെച്ചപ്പെട്ട നിലവാരത്തിൽ കുടിവെള്ളം ലഭ്യമാക്കുവാൻ ആവശ്യമായ പുത്തൻ പ്രോജക്ടുകൾക്ക് ജലവിഭവ വകുപ്പ് രൂപം നൽകി വരുന്നതായി മന്ത്രി വ്യക്തമാക്കി. 

വൈക്കം എം.എൽ.എ കെ. ബിനിമോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വൈക്കം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.ബി. ഹരികുമാർ , കേരളാ വാട്ടർ അതോറിറ്റി കടുത്തുരുത്തി പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സോണിയ എന്നിവർ പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്,ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്,വാർഡ് മെമ്പർ ടി.വി ബേബി ,  എന്നിവർ പ്രസംഗിച്ചു.

വിവിധ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സ്ഥലവാസികളായ നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു




Follow us on :

More in Related News