Tue Dec 12, 2023 10:56 PM 1ST

Sign In

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സലാലയിൽ 'വാക്കത്തോൺ 2026' മൂന്നാം പതിപ്പ് നവംബർ 27ന്

19 Nov 2026 16:43 IST

ENLIGHT MEDIA OMAN

Share News :

സലാല: ഒമാന്റെ 56-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിൽ സംഘടിപ്പിക്കുന്ന 'വാക്കത്തോൺ 2026 – സീസൺ 3' നവംബർ 27 വെള്ളിയാഴ്ച നടക്കും. ആരോഗ്യസംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ദേശീയ ദിനാഘോഷങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. വാക്കത്തോണിന്റെ മൂന്നാം പതിപ്പിനായുള്ള ഒരുക്കങ്ങൾ വിശദീകരിക്കുന്നതിനായി ബദർ അൽ സമാ ഹോസ്പിറ്റലിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചു.

ഫാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അവതരിപ്പിക്കുന്ന പരിപാടിക്ക് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസാണ് പ്രധാന പിന്തുണ നൽകുന്നത്. അൽ ജദീദ് എക്സ്ചേഞ്ച് സഹകരണവും നൽകുന്നു. സലാല ട്രാവലേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയും സാസ് അക്കാദമിയുടെ പിന്തുണയോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലായാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. 56 കിലോമീറ്റർ, 21 കിലോമീറ്റർ, 5.6 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരപരിധികൾ. 21 കിലോമീറ്റർ വിഭാഗത്തിലെ നടത്തം പുലർച്ചെ നാലിനും 5.6 കിലോമീറ്റർ വിഭാഗത്തിലെ നടത്തം രാവിലെ 5.30നും ആരംഭിക്കും. 56 കിലോമീറ്റർ വിഭാഗത്തിന്റെ ആരംഭസമയം സംബന്ധിച്ച വിവരം സംഘാടകർ പ്രത്യേകം അറിയിക്കും.

ബദർ അൽ സമാ ഹോസ്പിറ്റൽ പരിസരത്തുനിന്നാണ് വാക്കത്തോണിന്റെ ആരംഭം. ഫാസ് അക്കാദമി ഗ്രൗണ്ട് (നമ്പർ 5) ആണ് സമാപന വേദി. വിവിധ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കും പങ്കാളികളാകാൻ അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ഇന്ത്യൻ എംബസി കൗൺസിലർ സനാഥനൻ, ബദർ അൽ സമാ ഹോസ്പിറ്റൽ മാനേജർ അബ്ദുൽ അസീസ്, അൽ ജദീദ് എക്സ്ചേഞ്ച് പ്രതിനിധി നിയാസ് കബീർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ദീർഘദൂര ഓട്ടക്കാരൻ ഈശ്വർ ദേശ്മുഖ് എന്നിവർ പങ്കെടുത്തു.

ഫാസ് അക്കാദമിയെ പ്രതിനിധീകരിച്ച് അമീർ കല്ലാച്ചിയും സലാല ട്രാവലേഴ്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് സിറാജ് സിദാൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സലാലയിലെ സാമൂഹിക മാധ്യമ പ്രവർത്തകരായ ബാബു സിദ്ദിഖ്, ശിഹാബ് ആലടി, ഉസ്മാൻ സൈവാൻ, അനസ് പോപ്സ്,ഷാഫില ഹാഷ്മി, മുഹ്സിന മെഹബൂബ്, നിയാസ് ഫുഡി, ഹാഷിം മുണ്ടോപാടം , അൻഷാദ് ബിറ്റ്സ്, മാഹിൻ എന്നിവരും മാധ്യമപ്രവർത്തകരായ റഹീം കൈരളി, സനീഷ് ചാവക്കാട് എന്നിവരും പങ്കെടുത്തു. ഫിദ ശംസുദ്ദീനായിരുന്നു പരിപാടിയുടെ അവതാരക.

വാക്കത്തോണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അവസരം. പരിമിതമായ സീറ്റുകളായതിനാൽ താൽപര്യമുള്ളവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും അമീർ കല്ലാച്ചി (98032828), സിറാജ് സിദാൻ (75169367) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, വ്യായാമശീലം വളർത്തുക, വിവിധ രാജ്യക്കാരായ പ്രവാസികളെ ഒരുമിപ്പിക്കുക, സാമൂഹിക ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ രണ്ടു വർഷത്തെയും പോലെ ഫാസ് അക്കാദമി സലാല വാക്കത്തോണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഒമാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ പ്രവാസി സമൂഹത്തിന് ഒരുമിച്ച് അണിനിരക്കാനും രാജ്യത്തോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുമുള്ള അവസരം കൂടിയായിരിക്കും ഈ കൂട്ടായ്മയെന്ന് അക്കാദമി ഡയറക്ടർ ജംഷാദ് ആനക്കയം പ്രതികരിച്ചു.

Follow us on :

More in Related News