Tue Dec 12, 2023 10:56 PM 1ST

Sign In

സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് കുലവാഴപുറപ്പാടും എതിരേൽപ്പും നടന്നു.

19 Nov 2026 21:41 IST

santhosh sharma.v

Share News :

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് കുലവാഴ പുറപ്പാടും എതിരേൽപ്പും നടന്നു. വൈക്കത്തഷ്ടമിയുടെ മുന്നോടിയായി സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുലവാഴ പുറപ്പാട് 

പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. അലങ്കരിച്ച വാഹനത്തിൽ വാഴക്കുലകളും കരിക്കിൻ കുലകളും വച്ച് ആർഭാടത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. ഇത്തവണ പുഴ വായികുളങ്ങര കിഴക്കുംചേരി തെക്കേ മുറി എൻ എസ് എസ് കരയോഗമാണ് കുലവാഴ പുറപ്പാടിന് ആഥിഥേയത്വം വഹിച്ചത്. കിഴക്കും ചേരി വടക്കേമുറി, പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെ മുറി, പടിഞ്ഞാറ്റും ചേരി തെക്കേമുറി, പടിഞ്ഞാറ്റും ചേരി വടക്കേമുറി, നടുവിലെ മുറി എന്നി കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ വൈക്കം യൂണിയന്റെ സഹകരണത്തോടെ നടന്ന കുലവാഴ പുറപ്പാടിൽ വ്രതമെടുത്ത നൂറു കണക്കിന് വനിതകൾ പങ്കെടുത്തു. പഞ്ചവാദ്യം, ചെണ്ടമേളം, പമ്പ മേളം, താലപ്പൊലി, നിലക്കാവടികൾ, കഥകളി വേഷം, മയിലാട്ടം, നിശ്ചലദൃശ്യങ്ങൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ എന്നിവയും മുത്തുകുടകളും വർണ്ണകുടകളും കുലവാഴപ്പുറപ്പാടിന് അകമ്പടിയായി. കവരപ്പാടി നട , മുരിയൻ കുളങ്ങര, കിഴക്കേ നട ,തേക്കേ നട ,പടിഞ്ഞാറേ നട വഴി വടക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഗോപുരനടയിൽ വച്ച് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. വിമൽ കുമാർ ,അസിസ്റ്റന്റ് കമ്മീഷണർ എസ്. അഭിലാഷ് എന്നിവർ സ്വീകരിച്ചു. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കുലവാഴകൾ ക്ഷേത്രനടയിൽ സമർപ്പിച്ചു .തുടർന്ന് കുലവാഴകളും കരിക്കിൻ കുലകളും ഗോപുരങ്ങൾ , കൊടിമരച്ചുവട്, ബലിക്കൽ പുര ,ചുറ്റമ്പലം തുടങ്ങിയ പ്രധാന ഭാഗങ്ങളിലായി അലങ്കരിച്ചു. അഷ്ടമിയുടെ ഒന്നും രണ്ടും ദിവസങ്ങളിലെ അഹസ്സ് ,പ്രാതൽ ,ലക്ഷദീപം, പുഷ്പാലങ്കാരം എന്നിവ സംയുക്ത എൻ.എസ്.എസ് കരയോഗമാണ് നടത്തുന്നത് . എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ, സെക്രട്ടറി അഖിൽ .ആർ നായർ, വൈസ് പ്രസിഡൻ്റ് പി.വേണുഗോപാൽ സംയുക്ത കരയോഗം പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ. എം.നാരായണൻ നായർ , വിവിധ കരയോഗം പ്രസിഡൻ്റുമാർ, യൂണിയൻ കമ്മറ്റി അംഗം എസ്. യു കൃഷ്ണകുമാർ, വനിതാ യൂണിയൻ പ്രസിഡൻ്റ് കെ.ജയലക്ഷ്മി, സെക്രട്ടറി ശ്രീകല ദിലീപ് തുടങ്ങിയവർ നേതൃത്വം നല്കി.

Follow us on :

More in Related News