Tue Dec 12, 2023 10:56 PM 1ST

Sign In

'ഏഴ് ദിവസത്തിനകം അക്കൗണ്ടുകൾ തിരിച്ചുനൽകണം'; മെറ്റയ്ക്ക് യൂത്ത് കോൺഗ്രസിന്റെ അന്ത്യശാസനം

22 Nov 2026 16:05 IST

NewsDelivery

Share News :

മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്; ഏഴ് ദിവസത്തിനകം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

ദില്ലി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് രാജ്യവ്യാപക പ്രതിഷേധം.

മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും മെറ്റ റദ്ദാക്കിയതായി സംഘടന പരാതിപ്പെട്ടു. ബംഗാളിൽനിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും നീക്കം ചെയ്തതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇത്തരം നടപടികൾക്ക് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.

ദില്ലിയിലും ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ പരിഹസിക്കുന്ന ബാനറുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. 'മാർക്ക് ബിജെപിബർഗ്' എന്ന പരിഹാസപ്പേരിൽ സക്കർബർഗിനെ ചിത്രീകരിച്ച ബാനറുകളിൽ ആർഎസ്എസിന്റെ ഗണവേഷം ധരിച്ച അദ്ദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും മെറ്റ ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറി പൂച്ചട്ടികളടക്കം തകർത്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുത്തിയിരിപ്പ് സമരം നടത്തിയ പ്രവർത്തകരെ നീക്കി.

സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ 25ഓളം പ്രവർത്തകരാണ് ഹൈദരാബാദിൽ പ്രതിഷേധിച്ചത്. ബ്ലോക്ക് ചെയ്ത നേതാക്കളുടെ അക്കൗണ്ടുകൾ ഏഴ് ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

അതേസമയം, മെറ്റയെ 'ബിജെപി പുത്രൻ' എന്ന് വിശേഷിപ്പിച്ച യൂത്ത് കോൺഗ്രസ് തെലങ്കാന ഘടകം, ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും എക്സിലൂടെ പ്രതികരിച്ചു. ബിജെപിയുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നതിന് പകരം നിഷ്പക്ഷ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി മെറ്റ നിലകൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.

Follow us on :

More in Related News