Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലയിൽ ദേശീയ ആയുർവേദ ദിനാചരണം; സെപ്റ്റംബർ 22ന് വിളംബര ജാഥ

19 Sep 2026 11:53 IST

NewsDelivery

Share News :

കോഴിക്കോട്: പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ‘Ayurveda for a Healthier Tomorrow – ആരോഗ്യമുള്ള നാളേക്കായി ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം.


ആയുർവേദത്തിന്റെ പ്രചാരണവും ജനങ്ങളിലെത്തിക്കലും ലക്ഷ്യമിട്ട് 2010 മുതൽ കേന്ദ്ര ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം ആചരിച്ചുവരുന്നു. കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മേഖലയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കോഴിക്കോട് ജില്ലയിൽ ദിനാചരണം സംഘടിപ്പിക്കുന്നത്.

ദിനാചരണത്തിന്റെ മുന്നോടിയായി സെപ്റ്റംബർ 22ന് വൈകിട്ട് 3.30ന് കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ പരിസരത്ത് നിന്ന് ഫ്രീഡം സ്ക്വയറിലേക്ക് വിളംബര ജാഥ നടത്തും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. പി. ഷൗക്കത്തലി ഐ.പി.എസ്. ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.

സെപ്റ്റംബർ 23ന് വെസ്റ്റ്ഹിൽ സർക്കാർ പോളിടെക്നിക് കോളേജിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് നോർത്ത് എം.എൽ.എ എ. ജയന്ത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ വാരാചരണത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ നിർവഹിക്കും.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടി ഐ.എ.എസ്., ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ബോധവത്കരണ ക്ലാസുകൾ, മുതിർന്ന ഡോക്ടർമാരെ ആദരിക്കൽ, വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.

ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ‘ആരോഗ്യമുള്ള നാളേക്കായി ആയുർവേദം’ എന്ന വിഷയത്തിൽ പ്രബന്ധരചന, ഡിജിറ്റൽ പോസ്റ്റർ, റീൽസ് മത്സരങ്ങളും നടത്തും.

ജില്ലയിലെ വിവിധ സർക്കാർ ആയുർവേദ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യപരിശോധനാ ക്യാമ്പുകൾ, യോഗ-വെൽനസ് ദിനം, ഔഷധസസ്യ ദിനം, ആരോഗ്യകരമായ ഭക്ഷണ ദിനം, വനിതാ ആരോഗ്യ ക്യാമ്പയിൻ, വയോജന ആരോഗ്യ ദിനം, തൊഴിൽസ്ഥല വെൽനസ് പരിപാടികൾ, ആരോഗ്യ എക്സ്പോയും പ്രദർശനവും ഉൾപ്പെടെ വിവിധ പരിപാടികൾ തുടർന്നുള്ള ആഴ്ചയിൽ സംഘടിപ്പിക്കും.

പത്രസമ്മേളനത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സിനി പി.എം., നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനുപമ ദേവ് എ., ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. അഭിലാഷ് ബി.ജി., ദേശീയ ആയുർവേദ ദിനാഘോഷം കൺവീനർ ഡോ. പ്രവീൺ കെ., പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. സുഗേഷ് കുമാർ ജി.എസ്., ഡോ. ഷൈജു ഒ. എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News