Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 10:11 IST
Share News :
കോഴിക്കോട്: ചികിത്സയ്ക്കിടെയുണ്ടായ സങ്കീർണതയെ തുടർന്ന് രോഗിയുടെ ബന്ധു നൽകിയ പരാതിയിൽ പ്രതികരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായരുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ചികിത്സാ രംഗത്തെ സങ്കീർണതകളും രോഗികളുടെയും ബന്ധുക്കളുടെയും സമീപനവും ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.
ആൻജിയോഗ്രാമിന് വിധേയനായ രോഗിക്ക് നാല് ബ്ലോക്കുകൾ ഉണ്ടായിരുന്നെന്നും ബൈപാസ് ശസ്ത്രക്രിയ ആവശ്യമായിരുന്നെന്നും ഡോ. രാജേഷ് കുറിപ്പിൽ പറയുന്നു. ആൻജിയോഗ്രാമിനിടെ കത്തീറ്റർ വലതുകൈയിലെ റേഡിയൽ ധമനിയിൽ കുടുങ്ങിയതിനെ തുടർന്ന് പല സാങ്കേതികവിദ്യകളും പരീക്ഷിച്ചിട്ടും അത് പുറത്തെടുക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് കാർഡിയാക് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എത്തി രക്തധമനി തുറന്ന് കത്തീറ്റർ പുറത്തെടുത്തെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ബൈപാസ് ശസ്ത്രക്രിയയ്ക്കായി 900ലേറെ രോഗികൾ കാർഡിയാക് സർജറി വിഭാഗത്തിൽ കാത്തിരിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ പ്രസ്തുത രോഗിക്ക് ലെഫ്റ്റ് മെയിൻ ധമനിയിൽ ബ്ലോക്ക് ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയാ തീയതി നേരത്തെയാക്കണമെന്ന് കാർഡിയാക് സർജറി വിഭാഗം മേധാവിയോട് താൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നും ഡോ. രാജേഷ് വ്യക്തമാക്കി.
ഇതിനിടെ, ചികിത്സയ്ക്കിടെ ഉണ്ടായ സങ്കീർണതയിൽ നടപടി ആവശ്യപ്പെട്ട് രോഗിയുടെ ഭാര്യയുടെ പരാതി സൂപ്രണ്ട് ഓഫീസിൽ ലഭിച്ചതായും അദ്ദേഹം പറയുന്നു. ആൻജിയോഗ്രാം ഉൾപ്പെടെയുള്ള ചികിത്സാ നടപടികളിൽ വിവിധ തരത്തിലുള്ള സങ്കീർണതകൾക്ക് സാധ്യതയുണ്ടെന്നും, ചികിത്സാ രംഗത്ത് കോംപ്ലിക്കേഷൻ ഇല്ലാത്ത പരിശോധനയോ ശസ്ത്രക്രിയയോ ഇല്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
‘ഡോക്ടർമാർ ആരും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇന്ന് രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് ഭാര്യയോട് പറഞ്ഞിട്ടല്ല വരുന്നത്’ എന്ന പരാമർശത്തിലൂടെ ചികിത്സയിലെ സങ്കീർണതകൾ മനഃപൂർവമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ ചികിത്സയിൽ സംഭവിച്ച സങ്കീർണത തന്നെ ഏറെ വേദനിപ്പിച്ചതായും കുറിപ്പിൽ നിന്ന് വ്യക്തമാകുന്നു.
സ്വകാര്യ പ്രാക്ടീസ് നടത്താതെയും ആരിൽനിന്നും പണം വാങ്ങാതെയും രാവിലെ എട്ട് മണി മുതൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പരാതികൾ തന്നെ നിരാശപ്പെടുത്തുന്നതായും ഡോ. രാജേഷ് പറയുന്നു. ‘മടുത്തു തുടങ്ങി ഈ നശിച്ച തൊഴിൽ’ എന്നും ഇനി നാല് വർഷം കൂടി മാത്രമേ ഉള്ളൂവെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.
തന്റെ മക്കൾ ഈ തൊഴിൽ തിരഞ്ഞെടുക്കേണ്ടെന്ന് തീരുമാനിച്ചതിൽ ഇപ്പോൾ വിഷമമില്ലെന്നും, മിഡിൽ ഈസ്റ്റിൽ പോയി ജോലി ചെയ്യുന്നതിനെക്കുറിച്ച് പോലും ആലോചിക്കാൻ തുടങ്ങിയെന്നും ഡോ. രാജേഷ് കുറിച്ചു. പഠിപ്പിക്കാൻ ഇഷ്ടമുള്ളതിനാലാണ് ഇപ്പോഴും ഈ തൊഴിൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സയ്ക്കിടെ താങ്ങാനാകാത്ത സാഹചര്യം ഉണ്ടാകരുതെന്നും തന്റെ കൈകൊണ്ട് അറിഞ്ഞോ അറിയാതെയോ മറ്റാർക്കും ദ്രോഹമുണ്ടാകരുതെന്നും പ്രാർഥിക്കാറുണ്ടെന്നും ഡോ. രാജേഷ് പറയുന്നു. രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേട് ചിലപ്പോൾ ചികിത്സകരെ മാനസികമായി തളർത്തുന്നുവെന്ന വിമർശനവും അദ്ദേഹം പങ്കുവെച്ചു.
ഷേക്സ്പിയറുടെ ‘മാക്ബത്ത്’ ഉൾപ്പെടെയുള്ള പരാമർശങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഡോ. രാജേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചികിത്സാരംഗത്തെ സമ്മർദങ്ങളും ഡോക്ടർമാർ നേരിടുന്ന മാനസിക സംഘർഷങ്ങളും വീണ്ടും ചർച്ചയാക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
Follow us on :
Tags:
More in Related News
Please select your location.