Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷന്റെ നോർക്ക ക്യാമ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി

19 Sep 2026 10:43 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷനും (RMA) കെ.എം. ട്രേഡിങ്ങും സംയുക്തമായി സംഘടിപ്പിച്ച നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമായി. റൂവിയിലെ കെ.എം. ട്രേഡിങ് ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്ത് നോർക്ക പ്രവാസി ഐഡി കാർഡിനായി രജിസ്റ്റർ ചെയ്തു.

രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ചുള്ള അറിവില്ലായ്മയും സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന നിരവധി പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും ക്യാമ്പിലൂടെ ലഭ്യമാക്കി. പാസ്‌പോർട്ട്, റസിഡന്റ് കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ച് അപേക്ഷകൾ കൃത്യമായി ഓൺലൈനിൽ സമർപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ ക്യാമ്പ് ഉൽഘാടനം ചെയ്തു. കെ എം ട്രെഡിങ് ജനറൽ മാനേജർ മുഹമ്മദ്‌ ഹനീഫ ആശംസ അറിയിച്ചു സംസാരിച്ചു. നീതു ജിതിൻ, ഷാജഹാൻ, ബിൻസി സിജോ, സുജിത് സുഗുണൻ, ആശ്ന റോഷൻ, ഷെറീന ഫൈസൽ, ജെഷിം റഹിം, കെ എം ട്രെഡിന് സ്റ്റാഫ് എന്നിവർ നേതൃത്വം നൽകി

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത്തരത്തിലുള്ള സേവനപ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് RMA ഭാരവാഹികൾ അറിയിച്ചു.

അതേസമയം, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി കുറഞ്ഞത് ഒരു മാസം കൂടി നീട്ടണമെന്ന് ഫൈസൽ ആലുവ ആവശ്യപ്പെട്ടു. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതിയായി സെപ്റ്റംബർ 18 നിശ്ചയിച്ചിരുന്നെങ്കിലും, നിരവധി പ്രവാസികൾക്ക് ഇതുവരെ നോർക്ക പ്രവാസി ഐഡി ലഭിക്കാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.

നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് നോർക്ക പ്രവാസി ഐഡി നിർബന്ധമാണ്. എന്നാൽ പദ്ധതിയുടെ പ്രഖ്യാപനം വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും നിരവധി പ്രവാസികളുടെ ഐഡി അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി.

സർവറിലെ തിരക്ക്, സാങ്കേതിക പ്രശ്നങ്ങൾ, രേഖകളുടെ വെരിഫിക്കേഷനിലുണ്ടാകുന്ന കാലതാമസം തുടങ്ങിയ കാരണങ്ങളാൽ പലരുടെയും അപേക്ഷകൾ ഇപ്പോഴും പരിഗണനയിലാണ്. അപേക്ഷാഫീസ് അടച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ നിരവധി പ്രവാസികൾ ഐഡി കാർഡ് നമ്പർ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. അപേക്ഷകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലാത്ത സാങ്കേതിക കാരണങ്ങളാൽ അവർക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള അവസരം നഷ്ടപ്പെടുന്നത് നീതിയുക്തമല്ലെന്ന് ഫൈസൽ ആലുവ ചൂണ്ടിക്കാട്ടി.

നോർക്ക കെയർ പ്ലസ് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. ചികിത്സാച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ഇൻഷുറൻസ് പരിരക്ഷ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. അതിനാൽ കൂടുതൽ പ്രവാസികളെ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനാവശ്യമായ സമയവും സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കണം.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പുകളിൽ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പുകളിലും നിരവധി പ്രവാസികൾ നോർക്ക ഐഡിക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ പലരുടെയും അപേക്ഷകൾക്ക് ഇതുവരെ അംഗീകാരം ലഭിക്കാത്തതിനാൽ ഇൻഷുറൻസിൽ ചേരുന്നതിനുള്ള തുടർനടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല.

അപേക്ഷാഫീസ് അടച്ച് ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും ഐഡി നമ്പർ ലഭിക്കാത്തവരുടെ സാഹചര്യം അധികൃതർ ഗൗരവമായി പരിഗണിക്കണം. സാങ്കേതിക പ്രശ്നങ്ങളും വെരിഫിക്കേഷനിലെ കാലതാമസവും പരിഹരിച്ച് അപേക്ഷകൾ വേഗത്തിൽ അംഗീകരിക്കുന്നതിനൊപ്പം ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധിയും കുറഞ്ഞത് ഒരു മാസം കൂടി നീട്ടണമെന്ന് ഫൈസൽ ആലുവ ആവശ്യപ്പെട്ടു.

നോർക്ക ഐഡിക്കായി അപേക്ഷിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്നവർക്ക് അപേക്ഷാ നമ്പറോ മറ്റ് താൽക്കാലിക രേഖകളോ ഉപയോഗിച്ച് ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യവും അധികൃതർ പരിശോധിക്കണം. അത്തരമൊരു സംവിധാനം സാധ്യമല്ലെങ്കിൽ സമയപരിധി നീട്ടുകയാണ് ഏറ്റവും ഉചിതമായ പരിഹാരം.

പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ പരമാവധി ആളുകൾക്ക് അംഗമാകാൻ അവസരം നൽകണം. നോർക്ക റൂട്ട്സ് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് സമയപരിധി നീട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രവാസികളുടെ ന്യായമായ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നും ഫൈസൽ ആലുവ അഭ്യർഥിച്ചു.

ക്യാമ്പിന് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ കെ.എം. ട്രേഡിങ് മാനേജ്‌മെന്റിനും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘടനാ ഭാരവാഹികൾക്കും സന്നദ്ധപ്രവർത്തകർക്കും ക്യാമ്പിൽ പങ്കെടുത്ത പ്രവാസികൾക്കും റൂവി മലയാളി അസോസിയേഷൻ നന്ദി അറിയിച്ചു.

Follow us on :

More in Related News