Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് ആദ്യമായി യുണിപോർട്ടൽ റോബോട്ടിക് ശസ്ത്രക്രിയ; 60കാരിയുടെ ശ്വാസകോശ അർബുദം നീക്കം ചെയ്തു

04 Sep 2026 10:48 IST

NewsDelivery

Share News :

യുണിപോർട്ടൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ കോഴിക്കോട് ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം.

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി യുണിപോർട്ടൽ റോബോട്ട് അസിസ്റ്റഡ് തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയ (യൂണിപോർട്ടൽ RATS) കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. ശ്വാസകോശ അർബുദം ബാധിച്ച 60കാരിയായ കോഴിക്കോട് സ്വദേശിനിക്കാണ് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്.

തീവ്രമായ ശ്വാസതടസ്സവും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് രോഗി ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ശ്വാസകോശത്തിൽ സങ്കീർണമായ അർബുദ വളർച്ച കണ്ടെത്തുകയായിരുന്നു. രോഗിയുടെ ശാരീരികാവസ്ഥ പരിഗണിച്ച് പരമ്പരാഗത തുറന്ന ശസ്ത്രക്രിയ വലിയ വെല്ലുവിളിയാകുമെന്ന സാഹചര്യത്തിലാണ് റോബോട്ടിക് ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ മെഡിക്കൽ സംഘം തീരുമാനിച്ചത്.

നെഞ്ചിൽ ഏകദേശം നാല് സെന്റിമീറ്റർ വലിപ്പമുള്ള ഒറ്റ ദ്വാരത്തിലൂടെയാണ് റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ശ്വാസകോശത്തിലെ അർബുദബാധിത ഭാഗം നീക്കം ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

സർജിക്കൽ ഓങ്കോളജി, പൾമണോളജി വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് വേദനയും ശാരീരിക ആഘാതവും കുറയ്ക്കാനും ശസ്ത്രക്രിയാനന്തര പരിചരണം വേഗത്തിലാക്കാനും റോബോട്ടിക് സാങ്കേതികവിദ്യ സഹായിക്കുമെന്ന് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി.പി പറഞ്ഞു.

സംസ്ഥാനത്തെ അർബുദ ചികിത്സാരംഗത്ത് പുതിയ അധ്യായത്തിനാണ് ഈ നേട്ടത്തോടെ തുടക്കമാകുന്നതെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.വി. ഗംഗാധരൻ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവൻ രക്ഷാചികിത്സകളിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് നേട്ടമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

സർജിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സലീം വി.പി, ഡോ. മീര ഭട്ട് വി.ഡി, ഡോ. അതുൽ ആസാദ്, അനസ്തെറ്റിസ്റ്റ് ഡോ. പ്രീത, റോബോട്ടിക് ടെക്നീഷ്യൻ രാഹുൽ, അനസ്‌തേഷ്യ ടെക്നീഷ്യൻ ദൃശ്യ, നഴ്സിംഗ് സ്റ്റാഫുമാരായ ബിബിൻ, അർച്ചന, നിരഞ്ജൻ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

Follow us on :

More in Related News