Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KCEU സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ കോഴിക്കോട്ട്;

19 Sep 2026 13:13 IST

NewsDelivery

Share News :

കോഴിക്കോട്: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു) സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കും. സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, സഹകരണ പ്രസ്ഥാനത്തിന്റെ സംരക്ഷണം, ആധുനികവൽക്കരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 527 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 73 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന കേന്ദ്രത്തിൽ നിന്നുള്ള നാല് പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. 2023 നവംബറിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ നടന്ന കഴിഞ്ഞ സമ്മേളനത്തിന് ശേഷം 32 മാസത്തെ സംഘടനാ പ്രവർത്തനങ്ങളും പോരാട്ടങ്ങളും നേട്ടങ്ങളും സമ്മേളനം വിലയിരുത്തും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപരിപാടികൾക്കും രൂപം നൽകും.


സെപ്റ്റംബർ 21ന് രാവിലെ 9.30ന് സ. വി. വിനോദ് നഗറിൽ സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദയുടെ അധ്യക്ഷതയിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ അഭിവാദ്യം ചെയ്യും. ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എസ്. ജയചന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.


വൈകിട്ട് 4.30ന് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പൊതുപ്രകടനം സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മെഴ്സിക്കുട്ടിയമ്മ, അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, സംസ്ഥാന നേതാക്കളായ പി.കെ. മുകുന്ദൻ, പി.പി. പ്രേമ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.


സെപ്റ്റംബർ 22ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പൊതു ചർച്ച നടക്കും. വൈകിട്ട് 5ന് നടക്കുന്ന സഹകരണ സമ്മേളനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും.


സെപ്റ്റംബർ 23ന് പൊതുചർച്ചയ്ക്ക് ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ മറുപടി നൽകും. തുടർന്ന് സംസ്ഥാന കൗൺസിൽ, സംസ്ഥാന ഭാരവാഹി, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുകൾ നടക്കും. സർവീസിൽ നിന്നും സംഘടനയിൽ നിന്നും പിരിഞ്ഞുപോകുന്നവർക്ക് യാത്രയയപ്പും നൽകും.


സഹകരണ മേഖലയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ, ശമ്പള പരിഷ്‌കരണം, സ്ഥാനക്കയറ്റം, നിയമനം, പെൻഷൻ, തൊഴിൽ സുരക്ഷ, ജീവനക്കാരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം പരിഗണിക്കും. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം, പുതിയ തലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.


സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലെ 18 ഏരിയകളിൽ സെമിനാറുകൾ, ഫുട്ബോൾ-ക്രിക്കറ്റ് ടൂർണമെന്റുകൾ, കലാമേളകൾ, ജീവനക്കാരുടെ കൂട്ടായ്മകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിന് സഹകരണ ജീവനക്കാരുടെയും സഹകാരികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ സംഘാടകർ അഭ്യർഥിച്ചു.

Follow us on :

More in Related News